എടവനക്കാട്ടെ കൊലപാതകം: ഡെമ്മി പരീക്ഷണം നടത്തി പൊലീസ്
text_fieldsവാച്ചാക്കലിലെ വീട്ടിൽ പൊലീസ് ഡെമ്മി പരീക്ഷണം നടത്തുന്നു
എടവനക്കാട്: യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട് സംഭവത്തിൽ ഡെമ്മി പരീക്ഷണം നടത്തി പൊലീസ്. കൊല്ലപ്പെട്ട രമ്യയുടെ അതേശരീരഭാരം ഉള്ള ഡമ്മി തയാറാക്കിയായിരുന്നു ശനിയാഴ്ച തെളിവെടുപ്പ്.
ടെറസിൽ വെച്ച് രമ്യയെ കൊലപ്പെടുത്തുകയും ഒറ്റയ്ക്ക് മൃതദേഹം കോണിപ്പടി വഴി താഴെ എത്തിച്ച് വീടിന്റെ പിൻവശത്തുകൂടി കുഴിവരെ കൊണ്ടുവന്നു എന്നാണ് പ്രതിയും ഭർത്താവുമായ സജീവ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ, സാമാന്യം ഉയരവും വണ്ണവും ഉണ്ടായിരുന്ന രമ്യയുടെ ശരീരം ഇത്തരത്തിൽ താഴേക്ക് എത്തിക്കാൻ സാധാരണ ശരീരപ്രകൃതി മാത്രം ഉള്ള സജീവന് കഴിയുമോ എന്ന സംശയം ചില ഘട്ടങ്ങളിൽ ഉയർന്നിരുന്നു.
ഇത് കോടതിയിലും എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഡമ്മി പരീക്ഷണം നടത്തിയത്. ടെറസിന്റെ മുകളിൽ എത്തിച്ച ഡമ്മി സജീവ് തന്നെ ഒറ്റക്ക് വലിച്ചു താഴെ ഇറക്കുകയും വീടിന്റെ പിൻഭാഗത്ത് കൂടി കുഴിയിൽ എത്തിച്ച് മൂടുകയും ചെയ്തു. ഡി.വൈ.എസ്.പി എം.കെ. മുരളി, സർക്കിൾ ഇൻസ്പെക്ടർമാരായ രാജൻ കെ. അരമന, എ.എൽ. യേശുദാസ്, എസ്.ഐ. മാഹിം സലീം എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരീക്ഷണം.