Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightMaradu/Vyttilachevron_rightപൊടിപൊടിക്കുന്നു...

പൊടിപൊടിക്കുന്നു കച്ചോടം; വോട്ട് വർത്തമാനങ്ങളും

text_fields
bookmark_border
പൊടിപൊടിക്കുന്നു കച്ചോടം; വോട്ട് വർത്തമാനങ്ങളും
cancel
camera_alt

നെ​ട്ടൂ​ർ അ​ന്താ​രാ​ഷ്ട്ര പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ തെ​രെ​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യി​ൽ

മരട്: നാട്ടിലെങ്ങും വോട്ട്ചർച്ച ചൂടുപിടിക്കുമ്പോൾ നെട്ടൂർ അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണ് പഴവും പച്ചക്കറിയും ഉൾപ്പെടെയുള്ളവ കയറ്റിപ്പോകുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് മാർക്കറ്റിലെ വ്യാപാരികളിലും തൊഴിലാളികളിലും ഏറെയുള്ളത്.

വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും രാഷ്ട്രീയമില്ലാത്തവരും കൂട്ടത്തിലുണ്ട്. സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങളും കേരളത്തിന്‍റെ പൊതുചിത്രവുമെല്ലാം പരസ്പരം പങ്കുവെച്ചും സ്നേഹത്തോടെ ‘പോരടിച്ചു’മെല്ലാം മുന്നേറുകയാണ് വ്യാപാരികൾ.

ഇത്തവണ അരൂക്കുറ്റി പഞ്ചായത്ത് ആര് ഭരിക്കുമെന്ന് പറയാൻ കഴിയാത്തവിധം പോരാട്ടം കനത്തതാണെന്ന് മാർക്കറ്റിലെ പഴംവ്യാപാരിയും വടുതല സ്വദേശി എസ്.എം. മുഹ്യിദ്ദീൻ പറയുന്നു. കുന്നത്തുനാട് പഞ്ചായത്തിന്‍റെ ഭരണം ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നാണ് മറ്റൊരു പഴംവ്യാപാരിയായ കുന്നത്തുനാട്ടിലെ ഷറഫുദ്ദീന്‍റെ വിലയിരുത്തൽ. സ്വന്തംനാടായ പാലക്കാട് ആലത്തൂരിൽ ഭരണം മാറുമെന്നാണ് കക്ഷി രാഷ്ട്രീയമൊന്നുമില്ലാത്ത ഷെമീറിന്‍റെ നിരീക്ഷണം.

നിലവിൽ എൽ.ഡി.എഫ് കൗൺസിലറുള്ള കൊച്ചി കോർപറേഷൻ കലൂർ ഡിവിഷൻ യു.ഡി.എഫ് പിടിക്കുമെന്ന് പഴംവ്യാപാരി കലൂർ സ്വദേശിയായ ഷാഫിയുടെ വാക്കുകൾ. ഒരുപാർട്ടിയോടും പ്രത്യേക അടുപ്പമില്ലെന്നും രാഷ്ട്രീയ വിലയിരുത്തലുകൾ നടത്താറില്ലെന്നും വോട്ട് ചെയ്യുമ്പോൾ വ്യക്തിയെയാണ് നോക്കുന്നതെന്നും ഫ്രൂട്ട്സ് വ്യാപാരിയായ സിറാജ് വെളിപ്പെടുത്തി. കുമ്പളം പഞ്ചായത്തിന്‍റെ ഭാഗമായ പനങ്ങാട്ടുകാരനാണ് ഇദ്ദേഹം.

തനിക്ക് ഒരു രാഷ്ട്രീയവുമില്ലെന്നും കൊച്ചി കോർപറേഷന്‍റെ ഭാഗമായ തോപ്പുംപടിയിൽ കാലങ്ങളായി എൽ.ഡി.എഫാണ് ജയിക്കാറെന്നും ഇത്തവണയും അതിന് മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നുമാണ് മറ്റൊരു ഫ്രൂട്ട്സ് വ്യാപാരി ഷാനവാസ് പറയുന്നത്. താൻ താമസിക്കുന്ന കൊച്ചി കോർപറേഷനിലെ കൊച്ചങ്ങാടി ഡിവിഷനിൽ യു.ഡി.എഫിനാണ് മേൽക്കൈയ്യെന്ന് പലചരക്ക് വ്യാപാരിയും കൊച്ചി സ്വദേശിയുമായ അഷ്റഫും കൂട്ടിച്ചേർത്തു.

ഇങ്ങനെ ഓരോരുത്തരും തങ്ങളുടെ നാട്ടിലെ തെരഞ്ഞെടുപ്പ് കാഴ്ചകളും വിലയിരുത്തലുമെല്ലാമായി മുന്നേറുമ്പോൾ ഒരുവശത്ത് കച്ചവടം തുടങ്ങിയിട്ടുണ്ടായിരുന്നു. പുലർച്ചെ ആരംഭിക്കുന്ന കച്ചവടത്തിനിടെ അൽപസമയമാണ് രാഷ്ട്രീയവർത്തമാനത്തിനായി കണ്ടെത്തുന്നത്. പല പ്രദേശങ്ങളിൽനിന്ന് എത്തുന്നവരായതിനാൽ തെരെഞ്ഞെടുപ്പ് ചർച്ചകൾക്ക് കൊഴുപ്പേറെയാണ്. ചർച്ചക്കുപിന്നാലെ വ്യാപാരികൾ കച്ചവടത്തിരക്കിലേക്ക് നീങ്ങി.

Show Full Article
TAGS:Kerala Local Body Election Election News nettoor Ernakulam News 
News Summary - kerala local body election news
Next Story