നാലുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; കുട്ടിയുടെ പിതാവിനെ മരട് പൊലീസ് ചോദ്യംചെയ്തു
text_fieldsപ്രതീകാത്മക ചിത്രം
മരട്: മരടിൽ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെ മരട് പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞിനെ പൊള്ളലേൽപ്പിച്ച കേസിൽ അമ്മ അറസ്റ്റിലായതിന് പിന്നാലെയാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്തത്. കുട്ടിയുടെ അമ്മ മരട് കാട്ടിത്തറ സ്വദേശിയായ യുവതി റിമാൻഡിലാണ്. നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെയാണ് പൊളളലേൽപ്പിച്ചിരുന്നത്.
ക്ലാസിൽ വിഷമത്തിലിരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരങ്ങൾ തിരക്കിയപ്പോഴാണ് ശരീരത്തിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ മരട് പൊലീസ് കേസെടുക്കുകയായിരുന്നു. അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നായിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. കുട്ടി സി.ഡബ്ല്യു.സിയുടെ സംരക്ഷണയിലാണിപ്പോൾ.
കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യം
മരട്: നാല് വയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം പരിശോധിക്കാൻ ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകി. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടൽ. അക്രമത്തിന് ഇരയായ കുട്ടി കടുത്ത മാനസിക- ശാരീരിക പ്രതിസന്ധി നേരിടുകയാണ്.
ജയിൽ മോചിതയായി പ്രതി പുറത്തിറങ്ങുമ്പോൾ വീണ്ടും കുട്ടിയെ മർദ്ദിക്കാൻ സാധ്യത കൂടുതലാണ്. മാതാവിന്റെ സംരക്ഷണയിൽ വീണ്ടും കുട്ടിക്ക് കഴിയേണ്ടി വരുന്ന സാഹചര്യം നിലവിലുള്ളതിനാൽ മതിയായ ജീവിതസുരക്ഷിതത്വം കുട്ടിക്ക് സർക്കാർ ഉറപ്പ് വരുത്തണമെന്നും ഇക്കാര്യത്തിൽ എറണാകുളം ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ അനാസ്ഥ പരിശോധിക്കണമെന്നുമാണ് പരാതിയിലുള്ളത്.


