മരടിൽ വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു
text_fieldsതീപിടിത്തത്തിൽ കത്തിനശിച്ച ഷീബ-ഉണ്ണി ദമ്പതികളുടെ വീട്
മരട്: വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മരട് നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ തുരുത്തി ടെമ്പിൾ റോഡിൽ പറപ്പിള്ളിപറമ്പ് ഷീബ-ഉണ്ണി ദമ്പതികളുടെ വീടിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ പരിക്കേറ്റ അയൽവാസി തുരുത്തിപ്പിള്ളിൽ സജീവൻ (52) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫ്രിഡ്ജിന്റെ കംപ്രസ്സർ പൊട്ടിത്തെറിച്ച് തീ ആളിയാണ് ഇയാൾക്ക് പൊള്ളലേറ്റത്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായി. നാട്ടുകാരും പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ചത്. കാരണം വ്യക്തമല്ല.
രണ്ടുമാസമായി താമസമില്ലാതിരുന്ന വീട്ടിൽ തിങ്കളാഴ്ചയാണ് ഷീബ എത്തിയത്. വീടിന് കത്തുപിടിക്കുമ്പോൾ ഷീബ റോഡിലായിരുന്നുവെന്നാണ് വിവരം. രണ്ട് കൊതുകുതിരി കത്തിച്ചുവെച്ചുവെന്നാണ് പറയപ്പെടുന്നത്. തൊട്ടപ്പുറത്തെ വീടിന്റെ വർക്ക് ഏരിയയും തീപിടിത്തത്തിൽ കത്തിനശിച്ചു. സമീപത്തെ അംഗൻവാടിയുടെ പൈപ്പുകൾക്ക് നാശനഷ്ടമുണ്ടായതായി കൗൺസിലർ ഷീജ സാൻകുമാർ പറഞ്ഞു.