നെട്ടൂരിൽ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു
text_fieldsകണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകൾ
മരട്: നെട്ടൂരിൽ കാടുപിടിച്ച് കിടന്ന സ്ഥലം വീട് നിർമാണത്തിനായി ക്ലീൻ ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു. മരട് നഗരസഭ 25ാം ഡിവിഷനിൽ നെട്ടൂർ അറക്കപ്പറമ്പ് റോഡിൽ ഇടപ്പള്ളി സ്വദേശി റഷീദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് പെരുമ്പാമ്പിനെയും മുട്ടകളും കണ്ടെടുത്തത്.
മുറിച്ചുമാറ്റിയ മരത്തിന്റെ കടഭാഗത്തിന്റെ അടിയിലായിരുന്നു മുട്ടകളും പെരുമ്പാമ്പും ഉണ്ടായിരുന്നത്. ഇത് നീക്കുന്നതിനിടെയാണ് ശ്രദ്ധയിൽപെട്ടത്. രണ്ട് പെരുമ്പാമ്പിൽ ഒരെണ്ണം കാനയിലൂടെ കടന്നുകളഞ്ഞു. പ്രദേശവാസികളുടെ നേതൃത്വത്തിൽ പിടികൂടിയ പാമ്പിനെയും മുട്ടകളും ഉച്ചയോടെ മലയാറ്റൂർ വനം വകുപ്പിന് കൈമാറി.


