കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും പിടികൂടി
text_fieldsമരട്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും നെട്ടൂരിലെ കടമുറിയിൽ നിന്ന് പിടികൂടി. 3750 കിലോഗ്രാം കുത്തരി, 150 കിലോഗ്രാം പുഴുക്കലരി, 450 കിലോഗ്രാം ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.
ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്ന് വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വിപണനം. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്. മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകക്കെടുത്തിരുന്നത്. ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധനക്കെത്തിയപ്പോൾ രണ്ട് ഓട്ടോറിക്ഷകളിൽ അരി എത്തിച്ച നിലയിലായിരുന്നു.
കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അന്വേഷണ സംഘം അകത്തുകയറിയത്. കടമുറി കേന്ദ്രീകരിച്ച് റേഷനരിയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 3.45ഓടെയാണ് സംഘം പരിശോധനക്കെത്തിയത്. നിലവിൽ ആരും അറസ്റ്റിലായിട്ടില്ല.
വാടകക്കാരനെതിരെയും ഓട്ടോറിക്ഷകളുടെ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫിസർ എസ്.ഒ. ബിന്ദു, സീനിയർ സൂപ്രണ്ട് റിയാസ്, സിറ്റി റേഷനിങ് ഓഫിസർ സീന നന്ദൻ, ബാലകൃഷ്ണൻ, ടി.എസ്.ഒമാരായ ബിസി ജോസ്, മിനിമോൾ, മെറീന എന്നിവരും റേഷനിങ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടായിരുന്നു.


