Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightParavurchevron_rightഅയൽവാസിയെ...

അയൽവാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം

text_fields
bookmark_border
അയൽവാസിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം
cancel
camera_alt

രാമകൃഷ്ണൻ

പറവൂർ: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയായ ചേന്ദമംഗലം ഗോതുരുത്ത് കല്ലറക്കൽ വീട്ടിൽ ഗിൽസനെ (54) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗോതുരുത്ത് അമ്മഞ്ചേരിൽ വീട്ടിൽ രാമകൃഷ്ണന് (60) ജീവപര്യന്തം തടവ്. പറവൂർ രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം.

സംഭവ സമയത്ത് അടുത്തുണ്ടായിരുന്ന ഗിൽസന്റെ സഹോദരൻ ജിന്റോയെയും (45) ഇയാൾ കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇതിന് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വേറെയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

പിഴത്തുകയിൽനിന്ന് ഒന്നര ലക്ഷം രൂപ മരിച്ച ഗിൽസന്റെ അവകാശികൾക്കും അമ്പതിനായിരം രൂപ പരിക്കേറ്റ ജിന്റോക്കും നൽകണം.

കുറ്റകൃത്യത്തിൽ രാമകൃഷ്ണനെ സഹായിച്ച രണ്ടാം പ്രതിയായ ഗോതുരുത്ത് അട്ടിപേറ്റി വീട്ടിൽ വർഗീസിന് (56) മൂന്ന് മാസം വെറും തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതി ഗോതുരുത്ത് മാളിയേക്കൽ വീട്ടിൽ തമ്പി (57)യെ വെറുതെവിട്ടു.

2017 സെപ്റ്റംബർ 24നാണ് കേസിന് ആസ്പദമായ സംഭവം. ഗിൽസന്റെ അമ്മയും സഹോദരനും താമസിക്കുന്ന ഗോതുരുത്തിലെ തറവാട് വീടിരിക്കുന്ന വസ്തുവിലൂടെ ഒരു സംഘം വഴി വെട്ടിയത് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഗിൽസന്റെ കുടുംബാംഗങ്ങളും രാമകൃഷ്ണനും തമ്മിൽ നിരവധി കേസുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തിൽ ഗോതുരുത്ത് വള്ളംകളി കാണാൻ വന്ന സഹോദരിയെ യാത്രയയച്ച ശേഷം ഗോതുരുത്ത് ലിങ്ക് പാലത്തിന് സമീപം റോഡരികിൽ സുഹൃത്തിനോട് സംസാരിച്ചുനിന്ന ഗിൽസനെയും സഹോദരൻ ജിന്റോയെയും രാമകൃഷ്ണനും കൂട്ടു പ്രതികളായ വർഗീസും തമ്പിയും ചേർന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

വടക്കേക്കര പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എം.കെ. മുരളി അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.ബി. ഷാജി ഹാജരായി.

Show Full Article
TAGS:Kochi localnews CrimeNews 
News Summary - Accused in neighbor stabbing case gets life sentence
Next Story