തുരുമ്പിച്ച കമ്പികളും ബലക്ഷയവും; ചാത്തനാട് പാലം ഉദ്ഘാടനം മാറ്റി
text_fieldsനിർമാണം പൂർത്തിയായ ചാത്തനാട് പാലം
പറവൂർ: തുരുമ്പിച്ച കമ്പികൾ മാറ്റാതെയും ഭാരപരിശോധന നടത്താതെയും ചാത്തനാട്-വലിയ കടമക്കുടി പാലത്തിന്റെ ഉദ്ഘാടനം നടത്താനുള്ള ഗോശ്രീ പെലന്റ്സ് ഡവലപ്മെന്റ് അതോറിറ്റി യുടെ (ജിഡ)ശ്രമം പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ മൂലം മാറ്റിവെച്ചു. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഉദ്ഘാടനം നീട്ടിവെക്കാൻ നിർദ്ദേശിച്ചത്. ഏഴ് വർഷത്തിന് ശേഷം പാലത്തിന്റെ നിർമാണം പുനരാരംഭിച്ചപ്പോൾ പില്ലറുകളിൽ പുറത്തേക്ക് നീട്ടിയിട്ടിരുന്ന കമ്പികൾ തുരുമ്പെടുത്തതിനാൽ ബലക്കുറവ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്, പാലം നിർമാണം ഏറ്റെടുത്തിരിക്കുന്ന കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായം തേടി.
പുറത്തേക്ക് തള്ളി നൽകുന്ന കമ്പികൾ മുറിച്ച് മാറ്റി, പില്ലറിന്റെ കോൺക്രീറ്റ് പൊളിച്ച ശേഷം പുതിയ കമ്പികൾ പഴയ കമ്പികളുമായി യോജിപ്പിച്ച ശേഷമായിരിക്കണം നിർമാണം പൂർത്തീകരിക്കാനെന്ന് അവർ നിർദേശിച്ചു. ഇതിന് ശേഷം ഭാരപരിശോധന നടത്തണമെന്നും അറിയിച്ചിരുന്നു.
2024 ഫെബ്രുവരിയിൽ പരിശോധനക്കായി 7.23 ലക്ഷം രൂപ അടക്കാൻ ജിഡ സെക്രട്ടറിയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതൊന്നും നടത്താതെ നിർമാണം പൂർത്തിയായതായി ജിഡ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും ഉദ്ഘാടന തീയതി നിശ്ചയിക്കുകയും ചെയ്തു. ജിഡയുടെ വീഴ്ചകൾ മറച്ചുവെച്ചു. ഉദ്ഘാടനം ഇനിയും വൈകുന്നത് ദ്വീപ് നിവാസികളെ നിരാശയിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ചെയർമാനായ ജിഡ 2013ലാണ് പറവൂർ-വലിയ കടമക്കുടി പാലം ഉൾപ്പെടെ മൂന്ന് പാലങ്ങളുടെ നിർമാണത്തിന് 20 കോടി രൂപയുടെ പദ്ധതി ആസൂത്രണം ചെയ്തത്. 2013 ഡിസംബർ 25ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് പറവൂർ വലിയ കടമക്കുടി പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 2015ൽ പുഴയുടെ മുകളിലുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ പാലം പണി നീണ്ടു പോകുകയായിരുന്നു.