ദേശീയപാത നിർമാണ്ത്തിലെ അപാകത; ചളിക്കുണ്ടായി റോഡ്
text_fieldsമുനമ്പം കവലയിൽ പണിത അടിപ്പാത ചളിയും വെള്ളവും നിറഞ്ഞനിലയിൽ
പറവൂർ : ദേശീയപാത 66ന്റെ നിർമാണ അപാകത കാരണം വള്ളുവള്ളിയിലും മുനമ്പം കവലയിലും പാത ചളിക്കുണ്ടായി മാറി. കഴിഞ്ഞ ദിവസം രാത്രിയും പകലുമായി പെയ്ത ശക്തമായ മഴയിലാണ് പാതയിൽ ചളിയും വെള്ളവും നിറഞ്ഞത്.
കാലവർഷം ആരംഭിക്കുന്നതോടെ ഇതുവഴി യാത്ര ദുസ്സഹമാകാനാണ് സാധ്യത. വള്ളുവള്ളിയിൽ നിർമിച്ച സർവിസ് റോഡ് പൂർണമായി ടാർ ചെയ്യാത്തതാണ് യാത്രക്കാർക്ക് ദുരിതമായത്.
വള്ളുവള്ളി സ്കൂൾപ്പടി ഭാഗം മുതൽ കാവിൽനട വരെ നിർമിക്കുന്ന ഓവർ ബ്രിഡ്ജിന്റെ സമീപത്തുകൂടിയാണ് സർവിസ് റോഡ് നിർമിച്ചിരിക്കുന്നത്. എന്നാൽ, സ്കൂൾപ്പടിയുടെ സമീപം കുറച്ചു ഭാഗത്ത് ടാർ ചെയ്തിട്ടില്ല.
ഇവിടെ മഴ പെയ്തതോടെ വെള്ളക്കെട്ടായി. ഒട്ടേറെ വാഹനങ്ങളാണ് പകലും രാത്രിയും ഇതുവഴി സഞ്ചരിക്കുന്നത്. വഴി ചളിക്കുണ്ടായി മാറിയത് അപകട സാധ്യത വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുപോലെ മഴക്കാലത്ത് ഇവിടത്തെ ചളിയിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുകയും കാറിന്റെ ടയർ താഴ്ന്നു പോകുകയും ചെയ്തിരുന്നു.
ഓവർ ബ്രിഡ്ജിന്റെ മറ്റൊരു ഭാഗത്ത് കൂടി തിരിഞ്ഞ വാഹനങ്ങൾ സർവിസ് റോഡിലേക്ക് കയറുന്നുണ്ടെങ്കിലും മഴ ശക്തമായാൽ അവിടെയും ചളിയായി മാറാൻ സാധ്യതയേറെയാണ്.
അതിനാൽ, സർവിസ് റോഡിന്റെ ടാർ ചെയ്യാത്ത ഭാഗം എത്രയും വേഗം ടാറിങ് നടത്തി ജനങ്ങളുടെ യാത്ര സുഗമമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇതിന്റെ തുടർച്ചയെന്നോണം മുനമ്പം കവലയിൽ പണിത അടിപ്പാതയിലൂടെയുള്ള യാത്രയും നാട്ടുകാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. മഴ പെയ്താൽ ഈ ഭാഗത്ത് നിന്ന് വെള്ളം ഒഴിഞ്ഞുപോകാത്ത സ്ഥിതിയാണ്. ഇരുചക്രവാഹന യാത്രികരും കാൽ നടയാത്രികരും ഏറെ പ്രയാസപ്പെട്ടാണ് ഇതിലെ സഞ്ചരിക്കുന്നത്.
സമീപത്ത് കാനയുണ്ടെങ്കിലും വെള്ളം പോകുന്നില്ലെന്നും താഴെ ഭാഗം കോൺക്രീറ്റിങ് നടത്തിയപ്പോൾ ആവശ്യമായ ഒഴുക്ക് ഇടാത്തതാണ് പ്രധാന പ്രശ്നമെന്നും നാട്ടുകാർ പറഞ്ഞു.
മുനമ്പം കവല - കുഞ്ഞിത്തൈ പി.ഡബ്ല്യു.ഡി റോഡിലെ പ്രധാന അടിപ്പാതയായിട്ടുപോലും വേണ്ടത്ര ഉയരത്തിലല്ല നിർമിച്ചിട്ടുള്ളത്. ഇതിനെതിരെ നാട്ടുകാരും പട്ടണം ജനകീയ സമിതിയും നേരത്തെ തന്നെ പരാതി നൽകിയിരുന്നു.
മഴക്കാലം ശക്തമാകുന്ന സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയിലെ പ്രതിസന്ധി പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് ആവശ്യം.


