തോന്ന്യകാവിലും പരിസര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsതോന്ന്യകാവിൽ സി.പി.എം പ്രവർത്തകർ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തുന്നു
പറവൂർ: പറവൂർ നഗരസഭയിലെ തോന്ന്യകാവിലും പരിസര പ്രദേശങ്ങളിലും അഞ്ചു ദിവസമായി കുടിവെള്ളം കിട്ടുന്നില്ല. ജനങ്ങൾ ദുരിതത്തിലായിട്ടും നഗരസഭയോ, ജല അതോറിറ്റി ഉദ്യോഗസ്ഥരോ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതിൽ പ്രതിഷേധം ശക്തം. 19, 20, 23 വാർഡുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ജലവിതരണം പൂർണമായും തടസ്സപ്പെട്ടത്. 19-ാം വാർഡിൽ എസ്.സി, എസ്.ടി അംബേദ്കർ നഗറിലെ കുടുംബങ്ങളും വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായി. ചൊവ്വാഴ്ച രാവിലെ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടങ്ങളിലെല്ലാം ടാങ്കറിൽ കുടിവെള്ളമെത്തിച്ച് നൽകിയത് അൽപം ആശ്വാസമായി.
കാലപ്പഴക്കം ചെന്ന കുടി വെള്ളക്കുഴലുകൾ സമയബന്ധിതമായി മാറ്റാതിരുന്നത് മൂലം തോന്ന്യകാവിൽ കുടിവെള്ളക്കുഴൽ പൊട്ടുന്നത് പതിവായിരുന്നു. നഗരപ്രദേശങ്ങളിൽ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ ജനങ്ങളും ഇതുമൂലം വലഞ്ഞിരുന്നു. എന്നാൽ വി.ഡി. സതീശൻ എം.എൽ.എ സർക്കാർ തലത്തിൽ ഇടപെട്ടതോടെ തോന്ന്യകാവിൽ നിന്ന് കൈതാരത്തേക്കുള്ള കുടി വെള്ളക്കുഴലുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനമെടുക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.
തോന്ന്യകാവിൽ നിന്നും ആവൂട്ടിത്തോട് വരെയുള്ള ഭാഗത്ത് പുതിയ കുടിവെള്ളക്കുഴലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. പഴയ ലൈനിൽ നിന്ന് മാറ്റി പുതിയ ലൈനിലൂടെ കുടിവെള്ളം വിടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ വന്ന പിഴവാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് വഴിവച്ചത്. കുടിവെള്ള വിതരണ പൈപ്പ്ലൈൻ നെറ്റ് വർക്കിന്റെ സമഗ്രമായ മാപ്പിംഗ് സംബന്ധിച്ച് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ഏരിയ സെക്രട്ടറിയുമായ ടി.വി. നിധിൻ പറഞ്ഞു. വാൽവുകളുടെ ക്രമീകരണത്തിൽ വന്ന പിഴവും പ്രതിസന്ധിക്ക് കാരണമായി. പറവൂർ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടിക്കടി കുടിവെള്ളം മുടങ്ങിയിട്ടും ജല അതോറിറ്റി പ്രശ്ന പരിഹാരത്തിന് ഇടപെടാത്തത് ജനങ്ങളുടെ അമർഷത്തിന് കാരണമാകുന്നുണ്ട്. അടുത്ത ദിവസം കുടിവെള്ളം എത്തിയില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.