വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിതിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി
text_fieldsപറവൂർ: വനിത മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയതിനെച്ചൊല്ലി ബി.ജെ.പി വടക്കേക്കര മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റായിരുന്ന മായ ഹരിദാസിനെ കാരണംപറയാതെ മാറ്റിയത് അണികളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ജനുവരിയിലാണ് മായയെ മണ്ഡലം പ്രസിഡന്റായി അന്നത്തെ ജില്ല പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു നാമനിർദേശം ചെയ്തത്. ഇവിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേർ മത്സരിച്ചിരുന്നു. കൂടുതൽ വോട്ട് ലഭിച്ചയാളെ പ്രസിഡന്റായി അംഗീകരിക്കാൻ ജില്ല കോർ കമ്മിറ്റി തയാറാകാതിരുന്നതിനെത്തുടർന്നാണ് മായ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.എന്നാൽ, ഫെബ്രുവരിയിൽ ജില്ല കമ്മിറ്റി മൂന്നായി വിഭജിച്ചു. എം.എ. ബ്രഹ്മരാജ് പ്രസിഡന്റായ എറണാകുളം നോർത്ത് ജില്ല കമ്മിറ്റിക്ക് കീഴിലാണ് ഇപ്പോൾ വടക്കേക്കര മണ്ഡലം കമ്മിറ്റി. പലവട്ടം മണ്ഡലം കമ്മിറ്റി രൂപവത്കരിച്ച് നൽകാൻ ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാൻ തയാറായില്ലെന്ന് പ്രവർത്തകർ പറയുന്നു.
മാർച്ചിൽ മായയുടെ വീട്ടിലെത്തിയ ജില്ല പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും കാരണംചോദിച്ചപ്പോൾ ബഹളം കൂട്ടിയതായും പ്രവർത്തകർ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നും ബ്രഹ്മരാജ് ഭീഷണിപ്പെടുത്തി. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മായയെ നീക്കി പകരം സിമി തിലകനെ പ്രസിഡന്റാക്കിയത്. ധീവര സമുദായാംഗമായ ഒരു സ്ത്രീക്ക് ജില്ല പ്രസിഡന്റിന്റെയും സംഘടന സെക്രട്ടറിയുടെയും പക്കൽനിന്നുണ്ടായ അനുഭവം ബി.ജെ.പിയുടെ ജാതിമേൽക്കോയ്മയാണ് തുറന്നുകാണിക്കുന്നതെന്നാണ് ഒരുവിഭാഗം പ്രവർത്തകർ പറയുന്നത്.
തന്നെ മാറ്റിയ വിവരം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ ഫോണിലൂടെ ധരിപ്പിച്ചപ്പോൾ, തനിക്കൊന്നുമറിയില്ലെന്ന മറുപടിയാണ് മായക്ക് ലഭിച്ചതെന്നും പ്രവർത്തകർ പറഞ്ഞു. തനിക്ക് നേരിട്ട മാനസികപീഡനം, മാനനഷ്ടം, അനീതി എന്നിവക്കെതിരെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി, രാജീവ് ചന്ദ്രശേഖർ എന്നിവർക്ക് മായ പരാതി നൽകിയിട്ടുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കമെന്നും അവർ പറയുന്നു.