ഗൂഗിൾ പേ വഴി തട്ടിപ്പ്; മൊബൈൽ ഫോണുകൾ കവർന്ന പ്രതി പിടിയിൽ
text_fieldsഅനന്തകൃഷ്ണൻ
പറവൂർ: ഗൂഗിൾ പേ വഴി കടയുടമയുടെ അക്കൗണ്ടിലേക്ക് പണമയച്ചെന്നു വിശ്വസിപ്പിച്ച് മൊബൈൽ ഷോപ്പിൽ നിന്ന് ഫോണുകൾ കവർന്ന സംഭവത്തിൽ മാള സ്വദേശി അനന്തകൃഷ്ണനെ (23) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ചേന്ദമംഗലം കവലയിലെ ‘ലെറ്റ്സ് കണക്ട്'' എന്ന സ്ഥാപനത്തിൽ നിന്നാണ് ഫോണുകൾ നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ 10ന് കടയിലെത്തിയ ഇയാൾ 22,000 രൂപക്ക് രണ്ട് സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി.
പണം കൈമാറാനായി കടയിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുകയും റെസിപ്റ്റ് ജീവനക്കാരനെ കാണിക്കുകയും ചെയ്തു. ഇത് വിശ്വസിച്ച് ജീവനക്കാരൻ ഫോണുകൾ കൈമാറി. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും കാണിച്ചത് വ്യാജ റെസിപ്റ്റ് ആണെന്നും ബോധ്യമായത്. യുവാവ് നൽകിയിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വയനാട്ടിലെ ഒരാളാണ് എടുത്തത്. പറവൂർ മേഖലയിൽ സമാനമായ രീതിയിൽ നിരവധി വ്യാപാരികൾ വഞ്ചിക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഈ തട്ടിപ്പുകളിൽ അനന്തകൃഷ്ണന് പങ്കുണ്ടോ എന്നും ഇയാൾക്കൊപ്പം കൂടുതൽ ആളുകളുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഓൺലൈൻവഴി പണം സ്വീകരിക്കുമ്പോൾ ഉപഭോക്താവിന്റെ ഫോണിലെ സന്ദേശം മാത്രം വിശ്വസിക്കരുതെന്നും സ്വന്തം ബാങ്ക് അക്കൗണ്ടിലോ ബിസിനസ് ആപ്പിലോ പണം എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് പറഞ്ഞു. അനന്തകൃഷ്ണനെ റിമാൻഡ് ചെയ്തു.


