കാന നിർമാണത്തിനിടെ പൈപ്പ് പൊട്ടിച്ചു; മൂന്ന് ദിവസമായി കുടിവെള്ളമില്ല
text_fieldsപറവൂർ ടൗണിൽ കുടിവെള്ളവും ഗതാഗതവും തടസ്സപ്പെടുത്തി നടക്കുന്ന പൊതുമരാമത്ത്
വകുപ്പിന്റെ കാന നിർമാണം
പറവൂർ: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കാന നിർമാണത്തിനിടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി മൂന്ന് ദിവസമായി ചേന്ദമംഗലം പഞ്ചായത്തിൽ പൂർണമായും പറവൂർ നഗരസഭയിൽ ഭാഗികമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച ബസ് സ്റ്റാൻഡ് കവാടത്തിൽ കാന നിർമിക്കാൻ റോഡ് കുത്തിപ്പൊളിക്കുമ്പോഴാണ് 400 എം.എം പൈപ്പ് പൊട്ടിയത്.
പൊതുമരാമത്ത് വകുപ്പ് നിർമാണം തുടങ്ങിയ കാന നിർമാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം നിർത്തിയത്. കാന നിർമാണം പൂർത്തിയാക്കണമെന്ന് നഗരസഭ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
മഴയിൽ വെള്ളക്കെട്ട് ഉണ്ടായതിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ പൊതുമരാമത്ത് വകുപ്പ് ആലുവ-പറവൂർ റോഡിന് കുറുകെ ഉണ്ടായിരുന്ന കാനയുടെ ഒരു ഭാഗം പൊളിച്ചു. ഇതിനിടയിൽ ബി.എസ്.എൻ.എല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടുകയും ചെയ്തു.
കാന പൊളിച്ചപ്പോൾ മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നതാണ് കച്ചേരിപ്പടിയിൽനിന്നുള്ള വെള്ളം ഒഴുകി പോകാൻ തടസ്സമെന്ന് കണ്ടെത്തി. തീരദേശ സേനയുടെ നേതൃത്വത്തിൽ രണ്ട് മാസം മുമ്പ് നേവിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തപ്പോൾ മണ്ണും ചളിയും ഈ കാനയിൽ അടഞ്ഞതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ കുറ്റപ്പെടുത്തി. കാന നിർമാണം വൈകുന്നത് കുടിവെള്ള വിതരണത്തിന് പുറമെ ഗതാഗത തടസ്സത്തിനും കാരണമായി.