പി. രാജു: നാടിനും വികസനത്തിനും ഒപ്പംനിന്ന നേതാവ്
text_fieldsറവന്യു കാർഡ് വിതരണ സംസ്ഥാനതല ഉദ്ഘാടനം പറവൂരിൽ നടന്നപ്പോൾ അന്നത്തെ റവന്യു മന്ത്രി കെ.ഇ. ഇസ്മായിൽ മുഖ്യമന്ത്രി ഇ.കെ. നായനാർ
എസ്. ശർമ എന്നിവർക്കൊപ്പം (ഫയൽ ചിത്രം)
പറവൂർ: പറവൂരിന്റെ വികസനത്തിനും മേഖലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനും അടിത്തറ പാകിയ, പരിചയ സമ്പന്നനായ നേതാവായിരുന്നു വ്യാഴാഴ്ച അന്തരിച്ച സി.പി.ഐ മുൻ ജില്ല സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. രാജു. രണ്ട് തവണ നിയമസഭാംഗമായിരുന്ന കാലയളവിൽ പറവൂരിന്റെ വികസന സ്വപ്നങ്ങൾക്ക് ജീവൻ പകരാൻ അദ്ദേഹത്തിന് സാധിച്ചു. മണ്ഡലത്തിൽ ഇന്ന് കാണുന്ന പാശ്ചാത്തല വികസനത്തിന് അടിസ്ഥാനശില പാകുന്നതിൽ അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമങ്ങളും മാതൃകാപരമായ ഇടപെടലുകളുമുണ്ട്. ഏഴിക്കര - കൈതാരം ബൈപ്പാസ് റോഡ് വികസനത്തിനായി തന്റെ കുടുംബത്തിന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലം വിട്ടുനൽകാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അക്കാലത്ത് മന്ത്രിയായിരുന്ന എസ്. ശർമ, വിട പറഞ്ഞ നഗരസഭ ചെയർപേഴ്സൻ എൻ.എ. അലി എന്നിവരോടൊപ്പം കൈകോർത്ത് നടപ്പാക്കിയ വികസന പദ്ധതികൾ ഏറെയാണ്.
ആദ്യതവണ എം.എൽ.എയായ 1991 -1996 കാലത്ത് യാത്രാക്ലേശം രൂക്ഷമായ ആലുവ -പറവൂർ റൂട്ടിൽ ബസ് സർവിസ് ആവശ്യപ്പെട്ട് രാജു നടത്തിയ അനിശ്ചിതകാല സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ അന്നത്തെ ഗതാഗതമന്ത്രി ആർ. ബാലകൃഷ്ണപിള്ള ‘വൈറ്റ് എക്സ്പ്രസ്’ എന്ന പേരിലുള്ള കുറച്ച് ബസുകളുമായി പറവൂരിൽ നേരിട്ടെത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. മന്ത്രി തന്നെ നാരങ്ങ നീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
സബ് ആർ.ടി ഓഫിസ്, ഗവ. ഹോമിയോ ആശുപത്രി, പൊക്കാളി നില വികസന ഏജൻസി ഓഫിസ്, മന്നം 110 കെ.വി സബ് സ്റ്റേഷൻ, കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫിസ്, വടക്കുംപുറം കെ.എസ്.ഇ.ബി ഓഫിസ്, വാണിയക്കാട് വെയർ ഹൗസ് കോർപറേഷൻ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര മൃഗാശുപത്രികൾ, ആനച്ചാൽ -വഴിക്കുളങ്ങര ബൈപാസ്, ഏഴിക്കര കൈതാരം ബൈപാസ്, കോട്ടുവള്ളി കേശവത്തുരുത്ത് സ്ലൂയിസ് കം ബ്രിഡ്ജ്, കരിപ്പായിക്കടവ് -പഴമ്പിള്ളിത്തുരുത്ത് പാലം, തത്തപ്പിള്ളി പാലം, ഗോതുരുത്ത് -കുര്യപ്പിള്ളി പാലം, എട്ടിയോടം പാലം തുടങ്ങിയവ രാജുവിന്റെ കാലത്താണ് യാഥാർഥ്യമായത്. ഗോതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിലുണ്ടായ തടസ്സങ്ങൾ നീക്കാൻ ധനവകുപ്പ് സെക്രട്ടറിയുടെ ചേംബറിൽ കുത്തിയിരുന്ന ചരിത്രവും രാജുവിനുണ്ട്.