പറവൂർ സഹകരണ ബാങ്ക്; ഓഡിറ്റ് റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി നിരസിച്ചു
text_fieldsപറവൂർ: പറവൂർ സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റ് റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭരണസമിതി സമർപിച്ച റിവിഷൻ ഹരജി ഹൈകോടതി തള്ളി. 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ബാങ്കിന് കോടികൾ നഷ്ടപ്പെടുത്തിയ ഇടപാടുകൾ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് പരാതികൾ ഉയർന്നതോടെ സഹകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയിരുന്നു.അന്വേഷണത്തിലും ആരോപണങ്ങൾ ശരിവെക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്.
ഇതോടെ ആരോപണ വിധേയരായ കഴിഞ്ഞ ഭരണസമിതി 2018-19 ലെ ഓഡിറ്റ് റിപ്പോർട്ടും സ്പെഷൽ റിപ്പോർട്ടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് അപ്പീൽ നൽകി. എന്നാൽ, അപ്പീൽ സർക്കാർ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതെതുടർന്ന് ബാങ്കിന് അനുകൂലമായി സ്റ്റേ ലഭിച്ചതോടെ സഹകരണ വകുപ്പിന്റെ 68 (1) അന്വേഷണം ഒരു പരിധി വരെ പുർത്തിയാക്കിയെങ്കിലും പിന്നീട് നിർത്തി. ഹരജി തള്ളിയതിനാൽ ഇനി സഹകരണ വകുപ്പിന് അന്വേഷണം പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടക്കാനാകും.
സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.വി. നിധിനടക്കം 24 പേരാണ് അന്വേഷണ പരിധിയിലുള്ളത്. സമാന സംഭവത്തിൽ ടി.വി. നിധിന് പുറമേ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എ. വിദ്യാനന്ദൻ, വി.എസ്. ഷഡാനന്ദൻ, ടൗൺ ലോക്കൽ സെക്രട്ടറി സി.പി. ജയൻ അടക്കം 24 പേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം വിജിലൻസ് യൂനിറ്റ് അന്വേഷണം പൂർത്തീകരിച്ചിട്ടും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാത്തത് ഭരണസ്വാധീനം മൂലമാണെന്ന് ആക്ഷേപമുണ്ട്.