പറവൂർ കൂട്ടക്കൊല; പൊലീസ് അനാസ്ഥയിൽ അമർഷം
text_fieldsവിനീഷയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന സഹോദരി
പറവൂർ: കുടുംബത്തിലെ മൂന്നു പേർ അയൽവാസിയുടെ അടിയേറ്റ് മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലുമായ സംഭവത്തിൽ വടക്കേക്കര പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയിൽ നാട്ടുകാർക്ക് കടുത്ത അമർഷം. ജനപ്രതിനിധികൾ അടക്കമുള്ളവർ ഇക്കാര്യം തുറന്നുപറഞ്ഞ് പൊലീസിനെ വിമർശിച്ചു.
മരിച്ചവരുടെ കുടുംബവും അയൽവാസികളും പലവട്ടം പ്രതി റിതു ജയനെതിരെ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയാറായില്ല. വേണുവിന്റെ കുടുംബം ഒരു മാസം മുമ്പ് നൽകിയ പരാതിയിൽ റിതു ജയൻ ഹാജരായില്ല. പകരം അമ്മയാണ് സ്റ്റേഷനിലെത്തിയത്. അയൽവാസിയായ മറ്റൊരു യുവതി നൽകിയ പരാതിയിലും ഇയാളെ വിളിച്ചുവരുത്താൻ പോലീസ് തുനിഞ്ഞില്ല. വീട്ടിൽ സി.സി.ടി.വി സ്ഥാപിക്കാനാണ് പരാതിക്കാരെ പൊലീസ് ഉപദേശിച്ചത്. ഗുരുതര കൃത്യവിലോപം പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ലഹരിക്ക് അടിപ്പെട്ട് നാട്ടുകാരെ, പ്രത്യേകിച്ച് സ്ത്രീകളെ ഭയപ്പെടുത്തിയും അപവാദങ്ങൾ പറഞ്ഞുപരത്തിയും നാട്ടിൽ വിലസുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് കൊലക്കുള്ള തയാറെടുപ്പോടെയാണ് ഇയാൾ എത്തിയത്. 48 മണിക്കൂറിനകം അത് നടപ്പാക്കുകയും ചെയ്തു.
കടുത്ത പക വിനീഷയോട്
അയൽവാസി ജിതിൻ ബോസിന്റെ ഭാര്യ വിനീഷയോടുള്ള കടുത്ത പക തീർക്കാനാണ് വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമിച്ചതെന്ന് ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി റിതു ജയൻ. വിനീഷയെ ആക്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഭർത്താവ് ജിതിനെയും അച്ഛനെയും അമ്മയേയും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് റിതു ജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിനീഷയെ ഇയാൾ ശല്യം ചെയ്തത് പലപ്രാവശ്യം പ്രശ്നങ്ങൾക്കിടയാക്കി. ഇക്കാര്യത്തിൽ മുൻവൈരാഗ്യമുള്ളപ്പോൾ തന്നെ ഈയിടെ വിനീഷ പൊലീസിൽ പരാതി നൽകിയതും പ്രതിയെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്നാണ് വകവരുത്താനുള്ള തീരുമാനത്തിൽ എത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെങ്കിലും സംഭവ ദിവസം ഉപയോഗിച്ചിരുന്നില്ലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഇതോടെ ആസൂത്രിതമായാണ് ഇയാൾ ജിതിന്റെ വീട്ടിൽ ആയുധങ്ങളുമായി എത്തിയതെന്ന് വ്യക്തമായി.
ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ
ചേന്ദമംഗലം കിഴക്കുംപുറത്ത് അയൽവാസിയായ യുവാവിന്റെ ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിതിൻ ബോസിന്റെ നില അതീവഗുരുതരം. ജിതിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ശസ്ത്രക്രിയക്കായി ലക്ഷങ്ങൾ സ്വരൂപിക്കാനുള്ള ഓട്ടത്തിലാണ് ബന്ധുക്കളും ജിതിന്റെ സുഹൃത്തുക്കളും. തലക്കാണ് മാരക പരിക്കേറ്റത്. ശസ്ത്രക്രിയ ഫലപ്രദമായില്ലെങ്കിൽ ജിതിൻ കോമാ സ്റ്റേജിലേക്ക് മാറുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.