പോക്സോ കേസ്: മൂന്നുവർഷം തടവ്
text_fieldsപറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം വാങ്ങി മൊബൈൽ ഫോണിൽ സൂക്ഷിച്ച കേസിലെ പ്രതി തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ കല്ലോട്ടുകുഴി വീട്ടിൽ ചാൾസ് ബേബിയെ (25) പറവൂർ അതിവേഗ സ്പെഷൽ കോടതി ഐ.ടി ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവിന് ശിക്ഷിച്ചു. 50,000 രൂപ ഐ.ടി ആക്ട് പ്രകാരവും 5,000 രൂപ പോക്സോ ആക്ട് പ്രകാരവുമായി പിഴയും വിധിച്ചു.
നഗ്നചിത്രം വാങ്ങി മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നും, പരാതിക്കാരിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. ബലാത്സംഗം ഉൾപ്പെടെ പോക്സോ വകുപ്പിലെ വിവിധ കുറ്റങ്ങൾ പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരുന്നെങ്കിലും ഇവ പ്രോസിക്യൂഷന് തെളിയിക്കാനായില്ല.
കഠിനതടവ് ഐ.ടി ആക്ട് പ്രകാരമായതിനാൽ പ്രതിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്. പ്രതിയെ കള്ളകേസിൽ ഉൾപ്പെടുത്തിയതായി ആരോപിച്ച് പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ പരാതി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ നിലവിലുണ്ടെന്നും മനുഷ്യാവകാശ കമ്മിഷനിലും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ശ്രീറാം ഭരതൻ പറഞ്ഞു.