സി.പി.ഐയിലെ വിഭാഗീയത പറവൂരില്‍ നൂറോളം പേർ സി.പി.എമ്മിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
പറവൂർ: പറവൂര്‍, കളമശ്ശേരി മണ്ഡലങ്ങളിലെ സി.പി.ഐയിലെ വിഭാഗീയത പൊട്ടിത്തെറിക്ക് വഴിവെച്ചു. സി.പി.ഐയുടെ സ്ഥാപക നേതാവ് കെ.സി. പ്രഭാകരന്റെ മകള്‍ രമ ശിവശങ്കരന് ഉൾപ്പെടെയുള്ളവര്‍ സി.പി.എമ്മിലേക്ക്.കളമശ്ശേരി മണ്ഡലം മുന്‍ സെക്രട്ടറിയും മുന്‍ ജില്ല കമ്മിറ്റി അംഗവുമായിരുന്ന കെ.വി. രവീന്ദ്രന് ജില്ല പഞ്ചായത്ത് അംഗത്വം രാജിവെച്ചു. നിലവില്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗവുമായ രവീന്ദ്രന് സംഘടന ചുമതലകളും രാജിവെച്ചിട്ടുണ്ട്.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പുത്തന്വേലിക്കരയില്നിന്നുള്ള ഷെറൂബി സെലസ്റ്റിൻ തിങ്കളാഴ്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെക്കും. സി.പി.ഐയില്‍ നാളുകളായി തുടരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് പ്രധാന പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ രാജി. മുൻ എം.എൽ.എയും ജില്ല സെക്രട്ടറിയുമായിരുന്ന പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പറവൂരിലെ സി.പി.ഐയില്‍ വിഭാഗീയത രൂക്ഷമായിരുന്നു.
സി.പി.ഐ മുന്‍ മണ്ഡലം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെംബറുമായ കെ.പി. വിശ്വനാഥന് ഉള്‍പ്പടെ 18 ലധികം നേതാക്കള്‍ക്കെതിരെ വിഭാഗീയ പ്രവര്‍ത്തനം ആരോപിച്ച് അടുത്തയിടെ നടപടിയുണ്ടായിരുന്നു. അക്കൂട്ടത്തില്‍ നടപടിക്ക് വിധേയയായാളാണ് രമ ശിവശങ്കരന്. സ്വാതന്ത്ര്യ സമര സേനാനിയും ട്രേഡ് യൂനിയന്‍ നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലയില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളയാളുമായ കെ.സി. പ്രഭാകരന്റെ മകളുടെ രാജി സി.പി.ഐക്ക് കനത്ത തിരിച്ചടിയാണ്.
സി.പി.ഐ സ്ഥാപക നേതാക്കളില്‍ ഒരാളായ എന്‍. ശിവന്‍പിള്ളയുടെ കുടുംബവും പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് അകല്‍ച്ചയിലാണ്. സി.പി.ഐ ജില്ല കമ്മിറ്റി അംഗം, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള രമ ശിവശങ്കരൻ അടക്കം നൂറോളം പേരാണ് പാർട്ടി വിട്ട് സി.പി.എമ്മിൽ ചേരുന്നത്. തിങ്കളാഴ്ച വൈകീട്ട് പറവൂര്‍ ടൗണില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ല സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശര്‍മ, ഏരിയ സെക്രട്ടറി ടി.വി. നിഥിന് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.


