മണലിനും കരിങ്കല്ലിനും ക്ഷാമം രൂക്ഷം; ദേശീയപാത നിർമാണം ഇഴയുന്നു
text_fieldsമൂത്തകുന്നം-കോട്ടപ്പുറം പാലത്തിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കുന്നു
പറവൂർ: മണലിനും കരിങ്കല്ലിനും ക്ഷാമം രൂക്ഷമായതോടെ ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു. കരിങ്കല്ലും മെറ്റൽ പൊടിയും (എം സാന്റ്) ആവശ്യത്തിന് ലഭിക്കാത്തത് കാരണം പ്രവൃത്തികൾ പലതും ഇഴഞ്ഞാണ് നീങ്ങുന്നത്. ആവശ്യമായ മണൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കായലിൽ നിന്ന് ഡ്രഡ്ജ് ചെയ്ത് എടുക്കുന്നതിന് കരാറുകാരായ ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സർക്കാറിനോട് അനുമതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുഴകളിൽ നിന്ന് മണ്ണ് ഡ്രഡ്ജ് ചെയ്ത് നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചതിനാൽ മണ്ണെടുക്കുന്നതിനായി കോട്ടപ്പുറം കായലിൽ ഡ്രഡ്ജിങ് നടത്തുന്നുണ്ട്. ഇത്തരത്തിൽ മണ്ണ് ലഭ്യമായാൽ നിർമാണത്തിനുള്ള മണ്ണിന്റെ ക്ഷാമം മാറിയേക്കും.
എന്നാൽ കല്ലിന്റെ ദൗർലഭ്യം തുടരുകയാണ്. 2022 ഒക്ടോബറിൽ ആരംഭിച്ച നിർമാണം രണ്ടര വർഷം പിന്നിട്ടിട്ടും കരാറുകാരായ ഓറിയന്റൽ സ്ട്രക്ചറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കല്ലെടുക്കാൻ ക്വാറി ലഭിച്ചിട്ടില്ല. സർക്കാർ ചാലക്കുടിയിൽ ക്വാറി അനുവദിച്ചിട്ടുണ്ടെങ്കിലും തൃശൂർ കലക്ടറുടെ ഭാഗത്ത് നിന്ന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. നിർമാണത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കമ്പനി ചാലക്കുടിയിൽ സ്ഥാപിച്ച ക്രഷർ യൂനിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാനും കഴിഞ്ഞിട്ടില്ല. അടുത്ത വർഷം മേയിൽ നിർമാണം പൂർത്തീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും കല്ലിന്റെ ക്ഷാമം പരിഹരിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ.
ഇടപ്പള്ളി-മൂത്തകുന്നം റീച്ചിൽ 66 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും മഴക്കാലമായതിനാൽ ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. മഴക്കാലത്തിന് ശേഷം റോഡ് ടാറിങ് സജീവമാക്കാനാണ് കരാർ കമ്പനി ഉദേശിക്കുന്നത്. അതേസമയം ദേശീയപാത 66ന്റെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി മൂത്തകുന്നം-കോട്ടപ്പുറം പാലത്തിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഗർഡറുകൾ നിർമിച്ച ശേഷം വലിയ ക്രെയിൻ ഉപയോഗിച്ചാണ് പാലത്തിന്റെ തൂണുകളിൽ ഘടിപ്പിക്കുന്നത്.
തുടർന്ന് ഇതിൻമേൽ കോൺക്രീറ്റിങ് നടത്തും. മൂത്തകുന്നം-വലിയ പണിക്കൻതുരുത്ത്, വലിയ പണിക്കൻതുരുത്ത്-കോട്ടപ്പുറം എന്നീ രണ്ട് പ്രധാന പാലങ്ങൾ ഉൾപ്പെടുന്നതാണ് മൂത്തകുന്നം കോട്ടപ്പുറം പാലം. ഇടപ്പള്ളി-മൂത്തകുന്നം റീച്ചിലെ മറ്റൊരു പ്രധാന പാലമായ വരാപ്പുഴ പാലം നിർമാണത്തിൽ സ്റ്റീൽ ഗർഡറുകൾക്ക് പകരം കോൺക്രീറ്റ് ഗർഡറുകളാണ് ഉപയോഗിച്ചത്.