നിരവധി മോഷണക്കേസിലെ പ്രതി അറസ്റ്റിൽ
text_fieldsവേണുഗോപാൽ
പറവൂർ: നിരവധി മോഷണ കേസിലെ പ്രതി കോട്ടയം കിടങ്ങൂർ തെക്കേമഠം വേണുഗോപാൽ (വേണു-52) പറവൂർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ നാലിന് ചേന്ദമംഗലം സ്വദേശിയുടെ ഇരുചക്ര വാഹനം കോടതി പരിസരത്ത് നിന്ന് ഇയാൾ മോഷ്ടിച്ചിരുന്നു. ഏലൂരിലെ വീടുകളിൽ വിദേശത്ത് നിന്ന് കൊറിയറുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ച ഇയാൾ ഒരു വീട്ടിൽ നിന്ന് മൊബൈൽ ഫോണും കൊറിയർ നിരക്കെന്ന വ്യാജേന 374 രൂപയും തട്ടിയെടുത്തു. ഏലൂരിലെ ഒരു വീട്ടുടമ ഇയാളുടെ ബൈക്കിന്റെ ചിത്രം എടുത്തിരുന്നു. ഇതാണ് കേസിന് വഴിത്തിരിവായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പരിസരത്ത് നിന്നാണ് വേണുഗോപാലിനെ പിടികൂടിയത്. മോഷ്ടിച്ച ഇരുചക്ര വാഹനവും ഇയാളിൽ നിന്ന് കണ്ടെടുത്തു. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയാണിയാൾ. മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.