കാഴ്ചപരിമിതന് മർദനം; രണ്ടുപേർ പിടിയിൽ
text_fieldsകാക്കനാട്: കാഴ്ച പരിമിതിയുള്ള യുവാവിനെ മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശി ചാത്തൻവേലിമുകൾ വീട്ടിൽ ഷാജി (26), ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശി വടക്കുമാനപറമ്പിൽ വീട്ടിൽ ആൻസൻ (25) എന്നിവരെയാണ് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 15 ന് വൈകീട്ട് ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കാക്കനാട് എൻ.ജി.ഒ കോട്ടേഴ്സ് സ്വദേശി ബി.എം ഷാനെയാണ് ഇവർ ചേർന്ന് ആക്രമിച്ചത്. ഹൈകോടതി ജങ്ഷനിൽനിന്ന് ബസ് കയറിയ ഷാൻ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയെന്നാരോപിച്ച് പ്രതികൾ ചേർന്ന് മർദിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഷാൻ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാട്ടർ മീറ്റർ മോഷണം: രണ്ടുപേർ പിടിയിൽ
കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വിവിധ മേഖലകളിൽനിന്ന് വാട്ടർ മീറ്ററുകൾ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സൈതുൽ ഇസ്ലാം (36), ആക്രികട ജീവനക്കാരൻ കൊയിലാണ്ടി തോട്ടത്തിൽ ടി.എം. സമീർ (37) എന്നിവരെ പൊലീസ് പിടികൂടി. സൈതുൽ ഇസ്ലാം നിരവധി വീടുകളിൽനിന്ന് പൈപ്പ് മുറിച്ചെടുത്തു വിൽപന നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന്റെ നിഗമനം.
സൈതുൽ മോഷ്ടിച്ച സാധനങ്ങൾ സമീറാണ് വാങ്ങിയിരുന്നത്. ഇവ സമീർ ജോലി ചെയ്യുന്ന കരിമക്കാട്ടെ കടയിൽ നിന്ന് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. ആക്രിക്കടയിലെ ജീവനക്കാനെ ചോദ്യം ചെയ്തതിൽനിന്ന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാട്ടർ മീറ്റർ മോഷ്ടാവായ സൈതുൽ ഇസ്ലാമിനെ പിടികൂടിയത്.