തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്; വാക്കേറ്റവും കൈയാങ്കളിയും
text_fieldsതൃക്കാക്കര നഗരസഭ ബജറ്റ് അവതരണത്തിനിടെ ഉണ്ടായ കൈയാങ്കളി
കാക്കനാട്: തൃക്കാക്കര നഗരസഭ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറിയും രണ്ടുതരം ബജറ്റുകൾ അവതരിപ്പിച്ചത് വിവാദമായി. ഇതേതുടർന്നു ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാഗ്വാദവും കൈയേറ്റവും അരങ്ങേറി. നഗരസഭ യോഗം തുടങ്ങിയപ്പോൾതന്നെ സെക്രട്ടറി ടി.കെ. സന്തോഷ് ബജറ്റ് മേശപ്പുറത്ത് വെച്ചു. അപകടം മനസ്സിലാക്കിയ ചെയർപേഴ്സൻ രാധാമണി പിള്ള ബജറ്റ് അവതരിപ്പിക്കാൻ വൈസ് ചെയർമാൻ പി.എം. യൂനുസിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല.
ബജറ്റ് വായിക്കാൻ എഴുന്നേറ്റ യുനുസിനെ അവർ തള്ളി മാറ്റാൻ ശ്രമിച്ചു. യൂനുസിനെ രക്ഷിക്കാനെത്തിയ ഭരണപക്ഷ കൗൺസിലർമാരുമായി ഇതോടെ പ്രതിപക്ഷം ഉന്തും തള്ളും നടത്തി. ഇതിനിടെ ബജറ്റ് വായിക്കുകയും അവതിരിപ്പിച്ചതായി യൂനുസ് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് ചെയർപേഴസൻ രാധാമണിപ്പിള്ള യോഗം അവസാനിപ്പിച്ചു. ബജറ്റ് ചർച്ച ചൊവ്വാഴ്ച നടക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. അതേസമയം, വൈസ് ചെയർമാനും സെക്രട്ടറിയും അവതരിപ്പിച്ച ബജറ്റുകളിലെ കണക്ക് സമാനമാണ്. 149,48,25,549 രൂപ വരവും 140,97,34,400 രൂപ ചിലവും. 8,50,91,149 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കണക്കാണ് രണ്ട് ബജറ്റുകളിലുമുള്ളത്.
149.48 കോടിയുടെ ബജറ്റ്; ലക്ഷ്യം സമഗ്ര വികസനം
കാക്കനാട്: സമഗ്ര വികസന ലക്ഷ്യവുമായി തൃക്കാക്കര നഗരസഭ 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റ്. മാലിന്യ സംസ്കരണത്തിനും ജല സംരക്ഷണത്തിനും ഭവന നിർമാണത്തിനും പ്രാമുഖ്യം നൽകുന്ന ബജറ്റിൽ 149,48,25,549 രൂപ വരവും 140,97,34,400 ചെലവും 8,50,91,149 നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നു. നഗരസഭ പരിധിയിലെ റോഡുകളുടെ വികസനത്തിന് 29.67 കോടി രൂപ വകയിരുത്തി.
കാക്കനാട് ജങ്ഷനിൽ ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള പഴയ പദ്ധതി നടപ്പാക്കാൻ 10 കോടി നീക്കിവച്ചു. വീടില്ലാത്തവർക്കായി സൗജന്യ ഭവന പദ്ധതി നടപ്പാക്കാൻ അഞ്ച് കോടി, കടമ്പ്രയാർ ടൂറിസം പദ്ധതിക്ക് ഒരു കോടി, വാക്ക് വേ ടൂറിസം ഒരു കോടി എന്നിങ്ങനെ നിർദേശങ്ങളുണ്ട്.