തൃക്കാക്കര നഗരസഭയിൽ മാലിന്യ നീക്കത്തെ ചൊല്ലി തർക്കം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയും മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ പെലിക്കൻ ഫൗണ്ടേഷനും തമ്മിൽ വാക്പോര്. വെള്ളിയാഴ്ചയാണ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പനും കൗൺസിലർമാരും പെലിക്കൻ അധികൃതരുമായി തർക്കമുണ്ടായത്. ഹരിത കർമ സേന വഴിയുള്ള മാലിന്യനീക്കം മുടങ്ങിയ സാഹചര്യത്തിലാണ് സംഭവം.
മൂന്ന് ദിവസമായി നഗരസഭയിലെ വീടുകളിൽനിന്നുള്ള മാലിന്യനീക്കം മുടങ്ങിയിട്ട്. തരം തിരിക്കാത്ത മാലിന്യങ്ങൾ എടുക്കേണ്ടതില്ലെന്നായിരുന്നു പെലിക്കൻ അധികൃതർ ഹരിതകർമ സേനക്ക് നൽകിയിരുന്ന നിർദേശം.
അല്ലാത്ത പക്ഷം വൻതുക ഈടാക്കുമെന്നും പറഞ്ഞിരുന്നു. ഇതോടെ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഹരിത കർമസേനാംഗങ്ങൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നത് നിർത്തി.
അതേസമയം ഉപഭോക്താക്കൾ ശക്തമായ ബോധവത്കരണത്തിന് ശേഷം പ്രാബല്യത്തിൽ വരുത്താമെന്നായിരുന്നു നഗരസഭയുടെ തീരുമാനം.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നഗരസഭ അധികൃതരെ അറിയിക്കാതെ ഹരിത കർമസേനാംഗങ്ങളുടെ യോഗം വിളിച്ചതോടെയാണ് പെലിക്കൻ പ്രതിനിധികളും നഗരസഭ അധികൃതരും തമ്മിലുള്ള പോര് രൂക്ഷമായത്.
നഗരസഭ അധികൃതരെ അറിയിക്കാതെ യോഗം വിളിച്ചതിനെക്കുറിച്ച് ചോദിച്ച അധികൃതരോട് തന്നെ നിയമിച്ചത് സർക്കാറാണെന്നും പ്രകൃതിയെ സംരക്ഷിക്കലാണ് തന്റെ പണിയെന്നും നിങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നായിരുന്നു പെലിക്കൻ പ്രതിനിധിയായ ഡോ. മനോജിന്റെ മറുപടി.
ഇദ്ദേഹം ഹരിത കർമസേനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അധികൃതർക്ക് പരാതി ഉയർന്നിരുന്നു.
പെലിക്കനെ കൊണ്ട് ഇതുവരെ യാതൊരു ഉപകാരവുമുണ്ടായിട്ടില്ലെന്നും നഗരസഭയിലെ ഹരിതകർമസേന മികച്ച വരുമാനത്തിലേക്ക് ഉയർന്നതോടെ ക്രഡിറ്റ് പങ്കുപറ്റാനുള്ള ശ്രമമാണ് ഇവർ നടത്തുന്നതെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ റാഷിദ് ഉള്ളംപള്ളി പറഞ്ഞു.
അതേസമയം നൂറുശതമാനം മാലിന്യവും തരംതിരിച്ച് നൽകണമെന്നാണ് ചട്ടമെന്നും ഇത് പാലിക്കാനാണ് ശ്രമിക്കുന്നതെന്നും മനോജ് വ്യക്തമാക്കി.