രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാൻ നഗരസഭ; സി.പി.എം നേതാക്കളെത്തി തടഞ്ഞു
text_fieldsതൃക്കാക്കര നഗരസഭ ഓഫീസിന് സമീപം രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടയുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭ ഓഫീസിന് സമീപം രാത്രിയുടെ മറവിൽ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം സി.പി.എം പ്രവർത്തകർ തടഞ്ഞു. ഒരാഴ്ചയായി കെട്ടി കിടന്ന
മാലിന്യങ്ങൾ തിങ്കളാഴ്ച രാത്രി ഒമ്പതിന് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.ആർ. ജയചന്ദ്രൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എം.എം. സജിത്ത്, മേഖലാ പ്രസിഡന്റ് എം.എൻ. ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ കുഴിച്ചുമൂടൽ തടയുകയായിരുന്നു. തൃക്കാക്കര നഗരസഭയിൽ നിന്നും മാലിന്യം എടുക്കുന്ന സ്വകാര്യ ഏജൻസി കഴിഞ്ഞ ഏതാനും നാളുകളായി മാലിന്യം എടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് വീടുകളിൽ നിന്നും ഹരിതകർമ്മ സേന എടുക്കുന്ന മാലിന്യങ്ങൾ നഗരസഭയോട് ചേർന്നുള്ള മാലിന്യയാർഡിൽ കൂട്ടിയിട്ട നിലയിലാണ്. നിലവിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും മാലിന് ശേഖരിക്കുന്നത് നിർത്തിയിരിക്കുകയാണ്. കെട്ടികിടന്ന മാലിന്യം കൂമ്പാരം ചീഞ്ഞുനാറി ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി കുഴിച്ചുമൂടാനുള്ള ശ്രമയാണ് നഗരസഭ നടത്തിയത്.


