മഴ ശക്തമായി തൃക്കാക്കരയിൽ ചോർച്ചയും
text_fieldsശക്തമായ മഴയിൽ തൃക്കാക്കര നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫിസ് കെട്ടിടത്തിന്റെ പുറത്ത് മേൽക്കൂരയിലെ സീലിങ് തകർന്ന് വെള്ളം ഒഴുകുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭ കാര്യാലയത്തിൽ മഴ പെയ്താൽ വെള്ളം പുറത്തുപോകില്ല. തകർന്ന സീലിങ്ങിലൂടെ മുഴുവൻ വെള്ളവും അകത്തെത്തും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സീലിങ് തകർന്നതോടെയായിരുന്നു ചോർച്ച രൂക്ഷമായത്. കോടികൾ മുടക്കി നവീകരിച്ച കെട്ടിടമാണ് നശിക്കുന്നത്.
ഓഫിസ് കെട്ടിടത്തിന്റെ കവാടം, ഫ്രണ്ട് ഓഫിസ്, സെക്രട്ടറിയുടെ ചേംബറിന്റെ മുൻവശം, മുകൾ നിലയിൽ ഇരു കെട്ടിടങ്ങളെയും ബന്ധിക്കുന്ന ഇടനാഴി, കൊടിമരത്തിന്റെ ഭാഗം തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലും വെള്ളം ചാലിട്ടൊഴുകുന്ന സ്ഥിതിയായിരുന്നു. മഴ നനയാതിരിക്കാൻ വരാന്തയിൽ കയറി നിന്നവർ കുട ചൂടേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ അവസാന വർഷമാണ് ഫ്രണ്ട് ഓഫിസ് നവീകരിച്ചത്.
നാലര കോടിയോളം രൂപ മുതൽമുടക്കിലായിരുന്നു ആധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയാക്കിയത്. അധികം വൈകാതെ സീലിങ്ങിലും മേൽക്കൂരയിലും വിള്ളൽ വീഴുകയും മഴ പെയ്താൽ വെള്ളം ചോരുന്ന സ്ഥിതിയുമുണ്ടായി. എന്നാൽ, ഇക്കുറി ചോർച്ച എന്നതിലുപരി ശക്തമായി കുത്തിയൊലിക്കുന്ന സ്ഥിതിയായിരുന്നു.