അനധികൃത മണ്ണെടുപ്പ്: എക്സ്കവേറ്ററും വാഹനങ്ങളും പിടികൂടി
text_fieldsകടങ്ങോട് തെക്കുമുറിയിൽ അനധികൃത മണ്ണെടുപ്പ് നടത്തിയതിന് പൊലീസ് പിടികൂടിയ യന്ത്രവും വാഹനങ്ങളും
എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറിയിൽ അനധികൃതമായി മണ്ണെടുപ്പിനുപയോഗിച്ച യന്ത്രവും വാഹനങ്ങളും പൊലീസ് പിടികൂടി. എക്സ്കവേറ്ററും മണ്ണ് കടത്താൻ ഉപയോഗിച്ച രണ്ട് ടിപ്പര്‍ ലോറികളുമാണ് ശനിയാഴ്ച പുലര്‍ച്ചെ എരുമപ്പെട്ടി പൊലിസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തൃശൂര്‍ പൂരം ഡ്യൂട്ടിക്ക് പോയ തക്കം നോക്കിയായിരുന്നു മണ്ണെടുപ്പ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് യന്ത്രവും വാഹനങ്ങളും കണ്ടെത്തിയത്.
അർധരാത്രി മുതൽ പുലര്‍ച്ചെ വരെയാണ് പ്രദേശത്ത് കുന്നിടിച്ചുള്ള മണ്ണെടുപ്പ്. പൊലീസ് പട്രോളിങ് സംബന്ധിച്ച സമയവും സ്ഥലങ്ങളും മണ്ണെടുപ്പ് സംഘത്തിന് കൃത്യമായി വിവരം ലഭിക്കുന്നുണ്ട്. പൊലീസ് നീക്കം രക്ഷിക്കാൻ മണ്ണെടുപ്പ് സംഘത്തിലുള്ളവര്‍ പൊലീസ് സ്റ്റേഷന് സമീപം ക്യാമ്പ് ചെയ്യുന്നതും നടപടികൾക്ക് പ്രതികൂലമാകുന്നുണ്ട്.
മണ്ണെടുപ്പ് സംഘത്തിന് വിവരം ചോര്‍ത്തി നല്കിയ എരുമപ്പെട്ടി സ്റ്റേഷനിലെ മുന്‍ പൊലിസ് ഡ്രൈവറെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.