കാറ്റിലും മഴയിലും തൃക്കാക്കരയിൽ വ്യാപക നാശനഷ്ടം
text_fieldsഇൻഫോപാർക്ക്-ബ്രഹ്മപുരം റോഡിൽ വൈദ്യുതി തൂണും ലൈനും വാഹനങ്ങൾക്ക് മുകളിൽ പതിച്ചപ്പോൾ
കാക്കനാട്: ശക്തമായ കാറ്റിലും മഴയിലും തൃക്കാക്കരയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച 4.30ഓടെ വീശിയടിച്ച കാറ്റിൽ ഇൻഫോപാർക്ക് റോഡ്, ബ്രഹ്മപുരം, എക്സ്പ്രസ് ഹൈവേ, തുതിയൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. തുതിയൂരിൽ അടുത്തടുത്ത സ്ഥലങ്ങളിലെ വീടുകൾ മരങ്ങൾ കടപുഴകി. തുതിയൂർ ബസ് സ്റ്റോപ്പിനടുത്ത് തലയോരപറമ്പ് ശശി, മൺപുരക്കൽ ക്ലീറ്റസ് എന്നിവരുടെ വീടിനു മുകളിലാണ് മരങ്ങൾ വീണത്. മേൽക്കൂര തകർന്നു. തലയോരപറമ്പ് പ്രസാദിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. ഇന്ദിര നഗർ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ എക്സ്പ്രസ് ഹൈവേ റോഡിൽ ബജിക്കട തകരുകയും സമീപത്തെ മതിലിടിഞ്ഞ് ജീവനക്കാരന്റെ കാലിന് ഗുരുതര പരിക്കേൽകുയും ചെയ്തു. ഇയാൾ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ബെവ്കോ ഔട്ട്ലറ്റ് തകർന്നു: ലക്ഷങ്ങളുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും ഇൻഫോ പാർക്ക് ഹൈവേയിലെ ബെവ്കോ ഔട്ട്ലറ്റിലെ ഒരുഭാഗത്തെ മതിൽചില്ലുകൾ തകരുകയും മദ്യക്കുപ്പികൾ അടക്കിവെച്ച അലമാരകൾ മറിയുകയായിരുന്നു. നൂറുക്കണക്കിന് മദ്യകുപ്പികൾ പൊട്ടിനശിച്ചു.
ഇൻഫോപാർക്ക് റോഡിനു കുറുകെ വൈദ്യുതി തൂൺ മറിഞ്ഞപ്പോൾ
കൗണ്ടറിൽ നിന്ന ഏതാനും പേരുടെ കാലിൽ കുപ്പിച്ചില്ലുകൊണ്ട് പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. മതിൽചില്ല് മറിഞ്ഞതിനെ തുടർന്ന് ശക്തമായ കാറ്റ് ഔട്ട്ലറ്റിന്റെ അകത്തേക്ക് അടിച്ച് മദ്യകുപ്പികൾ വെച്ചിരുന്ന അലമാരകൾ മറിഞ്ഞു വീഴുകയായിരുന്നു.