വേലിയേറ്റത്തിൽ മുങ്ങി എടവനക്കാടും കുഴുപ്പിള്ളിയും
text_fieldsവേലിയേറ്റത്തിൽ വെള്ളം കയറിക്കിടക്കുന്ന എടവനക്കാട് 13ാം വാർഡ് പ്രദേശം
വൈപ്പിൻ: എടവനക്കാട് വിവിധ വാർഡുകളിൽ വേലിയേറ്റ വെള്ളപ്പൊക്കം അതിരൂക്ഷം. എടവനക്കാട് 13ാം വാർഡിൽ കണ്ണു പിള്ള കെട്ടിന് സമീപമുള്ള വീടുകളിലും പഴങ്ങാട് ബീച്ച് റോഡിലും വീടുകളിലും വെള്ളം കയറി. പുത്തൻതോട്ടിൽനിന്നും കയറ്റിറക്കുള്ള തോട്ടിൽനിന്നുമാണ് വെള്ളം റോഡിലേക്കും വീടുകളിലേക്കും കയറുന്നത്. 2018ലെ പ്രളയ ശേഷം വേലിയേറ്റത്തിന്റെ തീവ്രത വർധിച്ചെന്നും ഇത് വിലയിരുത്തുന്നതിന് വൃശ്ചിക വേലിയേറ്റ കലണ്ടറിൽ വെള്ളത്തിന്റെ തോത് രേഖപ്പെടുത്തി നൽകിയിട്ടും പരിഹാരമൊന്നുമായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. വേലിയേറ്റം ശക്തി പ്രാപിച്ചതോടെ വഴികൾ സദാസമയവും വെള്ളത്തിനടിയിലായി.
പൊതുടാപ്പുകളും വെള്ളക്കെട്ടിൽ മുങ്ങി. നാല് മാസത്തോളമായി പ്രദേശവാസികൾ ദുരിതം പേറിയാണ് ജീവിക്കുന്നത്. ക്യാമ്പിലേക്ക് മാറ്റാനുള്ള അധികൃതരുടെ ശ്രമത്തെയും ജനങ്ങൾ എതിർത്തു. ഇതിനുമുമ്പ് ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പരിഹാര നടപടികൾക്കായി മുറവിളി ഉയർന്നിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.
പല കുടുംബങ്ങൾക്കും മുട്ടോളം വെള്ളത്തിൽ നീന്തി വേണം സംസ്ഥാന പാതയിലേക്ക് എത്താൻ. രോഗികളെയും വയോധികരെയും അടിയന്തര സാഹചര്യങ്ങളിൽ കസേരയിലും മറ്റുമായി ചുമന്നുകൊണ്ടുവരികയാണ് ചെയ്യുന്നത്. കാലപ്പഴക്കം ചെന്ന വീടുകളിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നത് ബലക്ഷയത്തിനും കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ ജലനിരപ്പ് കൂടുതൽ ഉയർന്നതായി നാട്ടുകാർ പറയുന്നു. നേരത്തെ പുലർച്ചെയും രാത്രിയുമായിരുന്നു വേലിയേറ്റം ശക്തമെങ്കിൽ ഇക്കുറി പകൽ സമയത്തും വെള്ളം വൻതോതിൽ ഉയരുന്ന സ്ഥിതിയാണ്. നായരമ്പലം, കുഴുപ്പിള്ളി ബീച്ച് റോഡ് ഭാഗത്തും സമാനമാണ് സ്ഥിതി. താഴ്ന്ന പ്രദേശങ്ങളിൽ തോടും വഴിയും ഏതാണെന്നറിയാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിനാൽ ദുരിതം ഇരട്ടിയാകുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.