സി.ആർ.ഇസഡ്; വീട് നിർമിക്കാൻ തടസ്സമില്ലെന്ന് എടവനക്കാട് പഞ്ചായത്ത്
text_fieldsവൈപ്പിൻ: എടവനക്കാട് പഞ്ചായത്തില്‍ തീരദേശ പരിപാലന നിയമത്തിന്റെ (സി.ആർ. ഇസഡ്) പേരില്‍ ഭവന നിര്‍മാണത്തിന് നിലനിന്നിരുന്ന തടസ്സങ്ങള്‍ ഏറെക്കുറെ നീങ്ങിയതായി പഞ്ചായത്ത് ഭരണ അറിയിച്ചു. വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ മുന്‍ കാലങ്ങളില്‍ വീടുനിര്‍മാണത്തിന് അനുമതി നല്കാന് കഴിയാതിരുന്നതെന്ന് പ്രസിഡന്റ് അസീന അബ്ദുസ്സലാം പറഞ്ഞു. 2019 ല്‍ വന്ന പുതിയ നിയമം നടപ്പാക്കണമെങ്കില്‍ മാപ്പ് തയ്യാറാക്കേണ്ടിയിരുന്നു.
2024 ല്‍ പുതിയമാപ്പ് വന്നെങ്കിലും വിസ്തീര്‍ണ്ണത്തിന് ആനുപാതികമായി ജനസംഖ്യ ഇല്ലാത്തതിനാല്‍ എടവനക്കാട് പഞ്ചായത്ത് മൂന്ന് ബി വിഭാഗത്തില്‍ ഉള്‍പ്പെട്ടു. ഇളവിനായി പഞ്ചായത്ത് നിർദ്ദേശിച്ചിരുന്ന 101 തൂമ്പുകളിൽ ചിലത് രേഖയിൽ വരാത്തതും തിരിച്ചടിയായി. പരാതികളെ തുടർന്ന് ജൂലൈ 14 ന് പുതിയ ഉത്തരവ് വന്നെങ്കിലും ദുരന്തനിവാരണ - ശുചിത്വ പ്ലാനുകൾ കൂടി തയ്യാറാക്കി.
പഞ്ചായത്ത് മേൽനോട്ടത്തിൽ പ്ലാനുകൾ തയ്യാറാക്കി 15 അപേക്ഷകരിൽ 10പേർക്ക് ഇപ്പോൾ പെർമിറ്റ് നൽകി കഴിഞ്ഞു. നിലവിൽ 1 ബിയിൽപ്പെട്ട അപേക്ഷകൾ കെ.സി. ഇസഡ്.എം.എ തിരുവനന്തപുരം ലാബിലേക്ക് അയക്കുകയും അവിടെ നിന്നും നിഷിദ്ധ മേഖല അനുവദനീയമാണ് എന്ന് മറുപടി രേഖാമൂലം വന്നതിന്റെ അടിസ്ഥാനത്തിലുമാണ് രണ്ടുപേർക്ക് വ്യവസ്ഥകൾ പാലിച്ചു അനുമതി നൽകിയത്.
ഈ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയ ഏക പഞ്ചായത്ത് എടവനക്കാടാണ്. സമീപ പഞ്ചായത്തുകളായ പള്ളിപ്പുറവും കുഴുപ്പിള്ളിയും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ബാക്കിയുള്ള അപേക്ഷകള്‍ പരിഗണനയുടെ വിവിധ ഘട്ടങ്ങളിലാണ്. പഞ്ചായത്ത് പ്രസിഡണ്ട് തന്നെ സമരത്തിന് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ അധികാരികളുടെ കണ്ണ് തുറക്കുകയില്ല. ഇത്തരമൊരു സമരം നടത്തിയതിതെ തുടർന്നാണ് ഡെപ്യൂട്ടി കലക്ടർ അടക്കം പഞ്ചായത്തിലെത്തി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെതന്നും പ്രസിഡന്റ് അസീന അബ്ദുൽ സലാമും, വൈസ് പ്രസിഡന്റ് വി.കെ ഇക്ബാലും പറഞ്ഞു.


