കടലിൽ മത്സ്യ സമ്പത്ത് കുറഞ്ഞു; വറുതിയിൽ മത്സ്യതൊഴിലാളികൾ
text_fieldsകടലിൽ വറുതിയെ തുടർന്ന് മുനമ്പം ഹാർബറിനോട് ചേർന്ന് കെട്ടിയിട്ട മത്സ്യബന്ധന ബോട്ടുകൾ
വൈപ്പിൻ: കടലിൽ മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് വൈപ്പിൻ മത്സ്യമേഖലയിൽ പ്രതിസന്ധി. ബോട്ടുകൾ കൂട്ടത്തോടെ മുനമ്പം ഹാർബറിൽ കെട്ടിയിടുന്നു. കേരള തീരത്ത്നിന്ന് മത്സ്യക്കൂട്ടങ്ങൾ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിൽ വൈപ്പിൻ ദ്വീപ് അടക്കമുള്ള ജില്ലയിലെ തീരദേശ മേഖലകളിലെ പ്രധാന സാമ്പത്തിക സ്രോതസ്സ് കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സ്ഥിതിയാണ്.
കടലിലിറങ്ങുന്നത് ചുരുക്കം ബോട്ടുകൾ
വലനിറയെ മത്സ്യങ്ങളുമായാണ് മുൻകാലങ്ങളിൽ കടലിൽ പോകുന്ന മത്സ്യബന്ധന യാനങ്ങൾ കരക്കെത്തിയിരുന്നത് എങ്കിൽ ഇന്ന് ചെലവ് കാശുപോലും കിട്ടാതെ തിരിച്ചുപോരേണ്ടി വരികയാണെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ കടലിൽ പോകുന്നത് വിരലിൽ എണ്ണാവുന്ന ബോട്ടുകളും വള്ളങ്ങളും മാത്രമാണ്.
കഴിഞ്ഞ വർഷം ഇതേ നാളുകളിൽ കരിക്കാടി ചെമ്മീൻ, കിളി, അയല, ഉടുപ്പൂരി തുടങ്ങിയ തരം മത്സ്യങ്ങൾ ലഭിച്ചിരുന്നു. ഈ ജനുവരി മുതലാണ് മത്സ്യലഭ്യത കുറഞ്ഞുതുടങ്ങിയത്. ട്രോളിങ് നിരോധന കാലയളവിലാണ് ഇത്തരത്തിൽ ബോട്ടുകൾ നിരനിരയായി ഹാർബറിൽ കെട്ടിയിട്ടിരുന്നത്. ഈ സ്ഥിതി ഇനിയും തുടർന്നാൽ തീരദേശ മേഖലയിലെ ഗ്രാമങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാകുമെന്നും അവർ പറയുന്നു.
അനിവാര്യം, ഇന്ധന സബ്സിഡി
ഒരു ബോട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോൾ അഞ്ച് ലക്ഷം രൂപയെങ്കിലും ഇന്ധന ചെലവടക്കം വേണ്ടിവരും. ഇതു പോലും ലഭിക്കാത്തതിനെ തുടർന്നാണ് ബോട്ടുകൾ കെട്ടിയിടേണ്ടി വന്നിരിക്കുന്നതെന്ന് ബോട്ട് ഉടമകളും പറയുന്നു. മൂന്നര ലക്ഷത്തോളം ജനസംഖ്യയുള്ള വൈപ്പിനിൽ ഏതാണ്ട് പകുതിയോളം ആളുകൾ മത്സ്യമേഖലയിലും അനുബന്ധമേഖലകളിലുമായി ഉപജീവനം നടത്തുന്നവരാണ്. കച്ചവടം പകുതിയായി കുറഞ്ഞു, പീലിങ് ഷെഡുകളും മത്സ്യമേഖലയിലെ വാഹനങ്ങളുമെല്ലാം സ്തംഭനാവസ്ഥയിലാണ്. ഇതര സംസ്ഥാനങ്ങളിൽ ബോട്ടുകൾക്ക് ഡീസൽ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ അതില്ല. ഓരോ ദിവസവും പ്രതിസന്ധിയിലേക്ക് പോകുന്ന മത്സ്യബന്ധന വ്യവസായത്തിന് ഡീസൽ സബ്സിഡി കൈത്താങ്ങാകുമെന്ന് ബോട്ടുടമകൾ പറയുന്നു.
പരമ്പരാഗത വള്ളങ്ങൾക്കും മീനില്ല
പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മത്സ്യബന്ധനത്തിന് പോയ ഏറെക്കുറെ വള്ളങ്ങളും വെറുംകൈയോടെയാണ് മടങ്ങുന്നത്. ചാളയുടെ വലിപ്പക്കുറവും അയല കേരളതീരത്ത് നിന്ന് അപ്രത്യക്ഷമാകുന്നതും മത്സ്യബന്ധന വള്ളങ്ങൾക്ക് ഏറെ തിരിച്ചടിയായി. ചെറുമത്സ്യബന്ധനം വർധിച്ചതും കടലിൽ മത്സ്യശോഷണത്തിന് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കയറ്റുമതി സാധ്യതയുള്ള ടൺകണക്കിനു മത്സ്യകുഞ്ഞുങ്ങളെയാണ് സീസണിൽ ബോട്ടുകൾ ഹാർബറുകളിൽ എത്തിച്ചത്. മീൻ വളത്തിനായി തമിഴ്നാട്ടിലേക്ക് പൊടിക്കാൻ കയറ്റിപ്പോകുന്നതിനാൽ ഹാർബറിൽ ഇവ വാങ്ങാൻ കച്ചവടക്കാരുണ്ട്. വല ഉൾപ്പെടെയുള്ള അനുബന്ധ സാധന സാമഗ്രികളുടെ അടിക്കടിയുള്ള വില വർധനവിലും അടിപതറിയിരിക്കുകയാണ് മത്സ്യമേഖല. സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ മേഖലയെ സംരക്ഷിച്ച് നിർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.