ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക്; പാലം നിർമാണം 25 ദിവസത്തിൽ പൂർത്തിയാക്കും; കൗണ്ട് ഡൗൺ ബോർഡുമായി ഫ്രാഗ്
text_fieldsവൈപ്പിൻ: ഗോശ്രീ രണ്ടാം പാലത്തിന്റെ സമാന്തരപാലം അറ്റകുറ്റ പണികള്‍ക്കായി ഒന്നര മാസമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്കിന് പരിഹാരം തേടി, വൈപ്പിന്നിവാസികളുടെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാഗിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഒത്തുതീര്‍പ്പായി. ഫ്രാഗ് കത്ത് നല്‍കിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ചത്.
അടച്ചിട്ടിരിക്കുന്ന പാലത്തിന്റെ പണികള്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ച് വേഗത്തില്‍ തീര്‍ത്ത് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുക, പാലം തുറന്നുകൊടുക്കുന്നതുവരെ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളില്‍ കണ്ടെയ്നര്‍ ലോറികളും മറ്റു വലിയ ലോറികളും നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളാണ് ഫ്രാഗ് പ്രധാനമായും ഉന്നയിച്ചത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം പാലം പണി 25 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കും. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച് രാത്രിയും പകലും പണി നടത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നിർമ്മാണം പൂർത്തീകരിക്കും. പാലത്തിന്റെ സ്പാന്‍ ജോയിന്റുകളിലടക്കം റിപ്പയര്‍ ആവശ്യമായതിനാലാണ് ഇത്രയും ദിവസം വേണ്ടിവരുന്നതെന്ന് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ധാരണയായതുപോലെ പാലത്തിന്റെ അറ്റകുറ്റ പണികൾ തീരുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ ഫ്രാഗ് കൗണ്ട് ഡൌൺ ബോർഡ് സ്ഥാപിക്കും. ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ കൗണ്ട് ഡൌൺ ബോർഡ് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ ഉദ്ഘാടനം ചെയ്യും.
ചില ഗതാഗത പരിഷ്കാരങ്ങളും പരീക്ഷണ അടിസ്ഥാനത്തിൽ ഏർപ്പെടുത്താൻ ധാരണയായി. മുളവുകാട് പഴയറോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പാലത്തിനടിയിലൂടെ വന്ന് റൗണ്ട് ചുറ്റിവേണം ഒന്നാം പാലത്തിലേക്ക് കടക്കുവാന്‍. വല്ലാര്‍പാടം പള്ളിയില്‍ നിന്നുള്ള വാഹനങ്ങള്‍ നേരിട്ട് മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കരുത്. യൂടേണ്‍ എടുത്തുവേണം മേല്‍പ്പാലം വഴി മൂന്നാം പാലത്തിലേക്ക് പ്രവേശിക്കുവാന്‍. പാലത്തിലെ കുഴികള്‍ അടിയന്തിരമായി നികത്തുവാന്‍ ജിഡ നടപടിയെടുക്കുന്നതിനാൽ 7-ാം തീയതിയിലെ സ്വകാര്യ ബസ് സമരം ഉപേക്ഷിക്കണമെന്ന് ഫ്രാഗ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
പൊലീസ് അസി കമ്മീഷണര്‍ സിബി ടോം വിളിച്ചുകൂട്ടിയ യോഗത്തില്‍ ഫ്രാഗിനെ പ്രതിനിധീകരിച്ച് വി.പി സാബു, അനില്‍ പ്ലാവിയന്‍സ്, സേവി താണിപ്പിള്ളി, പി.കെ മനോജ്, പി.ഡി ആന്റണി എന്നിവര്‍ പങ്കെടുത്തു. വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.