ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ
text_fieldsശ്യാം ശിവൻ
വൈപ്പിൻ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ സ്വർണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻഡിൽ. നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടിൽ ശ്യാം ശിവനെയാണ് (37) ഞാറക്കൽ പൊലീസ്അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകൾ നടത്തി പതിനൊന്നര പവൻ സ്വർണാഭരണങ്ങളുമായി ഇയാൾ സ്ഥലം വിടുകയായിരുന്നു. പൂജകൾക്ക് മുന്നോടിയായി വീട്ടിലുള്ളവരുടെ ദേഹത്തും മറ്റും ധരിച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ ഊരി കിഴികെട്ടി വാങ്ങിച്ച ശേഷം 60 ദിവസം പൂജയിൽ സമർപ്പിക്കണമെന്ന് വീട്ടുകാരെ ധരിപ്പിച്ചശേഷമായിരുന്നു ഇയാൾ മുങ്ങിയത്. പുറത്തെറിഞ്ഞാൽ ഫലം കിട്ടില്ലെന്നും ആരും ഇത് അറിയരുതെന്നും ഇയാൾ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പൂജ കഴിഞ്ഞ് ആൾ മുങ്ങിയതോടെയാണ് തട്ടിപ്പാണെന്ന കാര്യം വീട്ടുകാർക്ക് മനസ്സിലായത്.