സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം -വി.ഡി. സതീശൻ
text_fieldsവൈപ്പിൻ: സാധാരണക്കാർക്ക് ഏതുസമയത്തും ആശ്രയിക്കാൻ കഴിയുന്നത് സഹകരണ ബാങ്കുകളെയാണെന്നും അതുകൊണ്ടുതന്നെ അവ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞാറക്കൽ സഹകരണ ബാങ്ക് സ്ഥാപകൻ ഫാ. ജോസഫ് വളമംഗലത്തിന്റെ സ്വർഗ പിറന്നാൾ സ്മരണയുടെ 60 വർഷം പിന്നിട്ടതിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ് ഓഫിസിൽ ആരംഭിക്കുന്ന സഹകരണ ഹൈടെക് മെഡിക്കൽ ലാബിന്റെ ലോഗോ പ്രകാശനവും വി.ഡി. സതീശൻ നിർവഹിച്ചു. സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ അംഗം കെ.എം. ദിനകരൻ പ്രതിഭകളെ ആദരിച്ചു. വാർഷികത്തിന്റെ ഭാഗമായി ഞാറക്കൽ താലൂക്ക് ആശുപത്രിയിലേക്കുള്ള പാലിയേറ്റിവ് കിറ്റ് വിതരണം സെന്റ് മേരീസ് ഇടവക വികാരി ഫാ. ജോർജ് ആത്തപ്പിള്ളി നിർവഹിച്ചു. വാർധക്യകാല പെൻഷൻ വിതരണോദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാർ ടി.എം. ഷാജിത നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് പി.ജി. ഷിബു, ജില്ല പഞ്ചായത്ത് അംഗം കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, വാർഡ് അംഗം ആശാ ടോണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.പി. ആന്റണി, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ബാബു, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.എൽ. ദിലീപ് കുമാർ, ജോർജ് സിക്കേര, പി.പി. ഗാന്ധി, സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ, ബോർഡ് അംഗങ്ങളായ കെ.ജി. അലോഷ്യസ്, പി.എസ്. മണി, അരുൺ ബാബു, വോൾഗ ജാസ്മിൻ എന്നിവർ സംസാരിച്ചു.