വൈപ്പിനിൽ വാഹനാപകടം തുടർക്കഥ
text_fieldsഎടവനക്കാട് ചാത്തങ്ങാട് ബസാറിന് സമീപം സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടം
വൈപ്പിൻ : സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിൽ നടുങ്ങി നാട്. രണ്ടു ദിവസത്തെ ഇടവേളയിൽ നടന്ന അപകടങ്ങളിൽ രണ്ടുപേരുടെ വിലപ്പെട്ട ജീവനാണ് വൈപ്പിനിൽ പൊലിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് ടോറസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് ബൈക്കിടിച്ച് കാൽനട യാത്രികനും ജീവൻ നഷ്ടമായത്.ദേശീയപാത നിർമാണത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ പുതുവൈപ്പിലെ എൽ.എൻ.ജി ജെട്ടിയിൽ നിന്ന് മണലുമായി വൈപ്പിൻ സംസ്ഥാനപാതയിലൂടെ പോയ ടോറസിന്റെ മരണപ്പാച്ചിലാണ് ഞായറാഴ്ച അപകടകാരണമായത്. ചീറിപ്പായുന്ന ഭൂരിപക്ഷം ലോറികൾക്കും നമ്പർ പ്ലേറ്റുപോലുമില്ല. പല ലോറികൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും ഇല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ശരിയായ പരിശീലനം ലഭിക്കാതെ സംഘടിപ്പിക്കുന്ന ലൈസൻസുമായെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളും നിയന്ത്രണങ്ങളില്ലാതെയാണ് ഇവിടെ ടോറസടക്കം വാഹനങ്ങളോടിക്കുന്നത്. ഇവരിൽ ലഹരി വസ്തുക്കൾ ഉപയാഗിക്കുന്നവരുമുണ്ട്. ബസുകളുടെയും, ഇരുചക്രവാഹനങ്ങളുടെയും അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. സംസ്ഥാന പാതയുടെ നവീകരണവും സൗന്ദര്യവത്കരണവും നടന്നശേഷം റോഡിന്റെ വീതിയിലും, ഉയരത്തിലും വന്ന വ്യത്യാസവും, വാഹനപ്പെരുപ്പവും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഇടറോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.
ബസുകളുമായുള്ള മത്സരയോട്ടത്തിൽ തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. സാരമായ പരിക്കുകളോടെ ഇരുചക്ര വാഹന യാത്രികർ രക്ഷപ്പെടുന്ന സംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നുണ്ട്. ജനജീവിതത്തിന് തടസ്സമായി നിരന്തരം അപകടങ്ങൾ വരുത്തിവെക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്ത്വരുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ അറിയിച്ചു.


