അഞ്ചുവര്‍ഷത്തിനിടെ ‘സര്‍പ്പ’ വലയിലായത് 2,850 വിഷപ്പാമ്പുകൾ
text_fieldsആര്യങ്കാവ് കരിമ്പിൻ തോട്ടം മേഖലയിൽനിന്ന് രാജവെമ്പാലയെ പിടികൂടുന്ന ആർ.ആർ.ടി ടീം അംഗം
കൊല്ലം: വനം വകുപ്പിന്റെ ‘സര്‍പ്പ’ പദ്ധതി വിഷപാമ്പുകളിൽ നിന്ന് ഒരുക്കുന്ന സുരക്ഷയിൽ കൂടുതൽ സുരക്ഷിതമായി ജില്ല. പാമ്പുകടിയേറ്റുള്ള മരണങ്ങള് കുറക്കാനും ജനവാസ മേഖലകള്‍ക്ക് ഭീഷണിയായ വിഷപാമ്പുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും വനംവകുപ്പ് ആരംഭിച്ച പദ്ധതിയാണ് ‘സർപ്പ’. ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ 2850 വിഷ പാമ്പുകളെയാണ് പിടികൂടി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
2020ല്‍ 84 പാമ്പുകളെയാണ് വളന്റിയര്‍മാര്‍ പിടികൂടിയത്. 2021ല്‍ 212, 2022 ല്‍ 484, 2023ല്‍ 722, 2024ല്‍ 810, 2025ല്‍ 538 എന്നിങ്ങനെയാണ് സർപ്പ വളന്റിയർമാർ പിടികൂടി സുരക്ഷിതമായ മാറ്റിയ പാമ്പുകളുടെ കണക്ക്.ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി പാമ്പ് പിടിത്തത്തിൽ 47 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 2020 ഓഗസ്റ്റില്‍ പദ്ധതി തുടങ്ങിയത് മുതല്‍ പാമ്പു കടിയേറ്റുള്ള മരണങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍ കോശിജോണ്‍ പറഞ്ഞു. 2019ല്‍ 123 മരണങ്ങള് പാമ്പുകടിയേറ്റ് ഉണ്ടായത് 2024ല്‍ 30 ആയി ചുരുങ്ങി.
വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് ‘സര്‍പ്പ’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. സര്ട്ടിഫിക്കേഷന് ലഭിച്ച റെസ്ക്യൂവര്‍മാരുടെ വിവരങ്ങളും റെസ്ക്യൂ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ആപ്പിലൂടെയാണ് നടത്തുന്നത്. പാമ്പുകള്മൂലം ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുക, ജനവാസ മേഖലകളിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഉരഗവര്‍ഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
വാട്സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ജില്ലകളിലെ റെസ്ക്യൂ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. സര്‍പ്പ ജില്ല കോര്‍ഡിനേറ്ററായി സാമൂഹിക വനവത്ക്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ല കോര്‍ഡിനേറ്ററെ സഹായിക്കുന്നതിന് സന്നദ്ധപ്രവര്‍ത്തകരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജില്ല ഫെസിലിറ്റേറ്റര്‍മാരുമുണ്ട്.
ഫോണിലൂടെയും ആപ് വഴിയും വിവരം ലഭിക്കുന്ന എല്ലാ റെസ്ക്യൂ കോളുകളിലും സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണുന്നു. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സര്‍പ്പയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍.
വളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാമ്പുകടി സാധ്യത ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍, പാമ്പുകടിയേറ്റാല്‍ അടിയന്തരചികിത്സ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍, ആന്റിവെനം ലഭ്യത ഉറപ്പാക്കല്‍, ഡോക്ടര്‍മാര്‍ക്ക് ഓറിയന്റേഷന്‍, ചികിത്സ പ്രോട്ടോക്കോള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ബോധവത്കരണ പരിപാടികള്‍, തദ്ദേശീയമായി ആന്റിവെനം ഉല്പാദനം എന്നിവയും സര്‍പ്പയിലൂടെ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാമ്പുകള്‍, പാമ്പുവിഷബാധ എന്നിവ സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ നല്‍കുന്നതിന് 'സര്‍പ്പ പാഠം' ബോധവത്ക്കരണ പരിപാടിയും അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാലയ പരിസരങ്ങളില്‍ ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുന്നതിന് സര്‍പ്പ വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്ന ‘സര്‍പ്പ സുരക്ഷ’ പദ്ധതിയും വകുപ്പ് നടപ്പാക്കിയിട്ടുണ്ട്.
സര്‍പ്പ സേവനത്തിന്
ജില്ല കോഓഡിനേറ്റര്‍: 8547603705,
ജില്ല ഫെസിലിറ്റേറ്റര്‍: 9947467006, 9495086150,
ഡിവിഷണല്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപറേഷന് സെന്ററുകള്‍: അച്ചന്‍കോവില്‍ ഡിവിഷന്-9188407512, പുനലൂര്‍ ഡിവിഷന്-9188407514, തെന്മല ഡിവിഷന്: 9188407516.
പാമ്പുകടിയേറ്റാല്‍ ശ്രദ്ധിക്കാം
കടിയേറ്റയാള്‍ക്ക് ഭയമോ മാനസിക പിരിമുറുക്കമോ ഉണ്ടാകാന്‍ ഇടയാകരുത്. സൗകര്യപ്രദമായ രീതിയില്‍ ഇരിക്കാന്‍/കിടക്കാന്‍ അനുവദിക്കണം. പേശീചലനം നിയന്ത്രിക്കുന്നതിനായി കടിയേറ്റഭാഗത്ത് പ്രഷര്‍ബാന്‍ഡ് ചുറ്റാം. കടിയേറ്റഭാഗത്ത് മുറിവുണ്ടാകുകയോ, തിരുമ്മുകയോ, രാസവസ്തുക്കളോ, പച്ചമരുന്നുകളോ, സോപ്പ്, ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുകയോ ചെയ്യരുത്. ഇത് വിഷബാധ വേഗത്തില്‍ പടരുന്നതിനും രക്തസ്രാവത്തിനും കാരണമായേക്കാം.


