ഐ.എ.എസ് സ്വപ്നത്തിനായി അവസാനമായൊന്നു ശ്രമിച്ചു, നേടിയെടുത്ത് ആദിത്യ നാരായൺ
text_fieldsആദിത്യ നാരായൺ
കൊല്ലം: കോളജ് പഠനകാലത്ത് മനസ്സിൽ കയറിക്കൂടിയൊരു സ്വപ്നമായിരുന്നു കൊല്ലം ആശ്രാമം സ്വദേശി എച്ച്. ആദിത്യ നാരായണിന് ഐ.എ.എസ്. മൂന്ന് തവണ ശ്രമിച്ചുനോക്കി. ആദ്യ രണ്ട് തവണയും വൻ നിരാശയിൽ അവസാനിച്ചു. മൂന്നാംവട്ടം 357ാം റാങ്കുമായി ഐ.ആർ.എസ് സ്വന്തമാക്കി. അപ്പോഴും ഏറ്റവും പ്രിയപ്പെട്ട സ്വപ്നം ബാക്കിയായിരുന്നു. ആ സ്വപ്നത്തിനായി അവസാനവട്ടമൊരു ശ്രമമെന്ന നിലയിൽ എഴുതിയ പരീക്ഷയും നേരിട്ട അഭിമുഖവും കടന്നപ്പോൾ മൂന്നാംതവണ നേടിയ റാങ്ക് പോലും ഉണ്ടാകില്ല എന്നായിരുന്നു ഉറപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണത്തെ സിവിൽ സർവിസ് പരീക്ഷ ഫലം വന്നപ്പോൾ, ആദിത്യക്ക് തന്നെ അവിശ്വസനീയമായൊരു കുഞ്ഞു ഞെട്ടൽ സമ്മാനിച്ച് കിട്ടിയതാകട്ടെ 68ാം റാങ്ക് എന്ന അസുലഭ നേട്ടം. മനസ്സറിഞ്ഞ് ആഗ്രഹിച്ച് ശ്രമിച്ചാൽ സാധ്യമാകുമെന്ന ചിന്തയോടെ പരീക്ഷയെ നേരിട്ടതിന്റെ ഗുണമാണെന്ന് പറയുമ്പോൾ ആദിത്യയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞുകവിയുന്നു.
കൊല്ലം ആശ്രാമം ഗാന്ധിനഗർ 82ൽ നാരായണീയം വീട്ടിൽ റാങ്കിന്റെ ആഹ്ലാദം പടികടന്നെത്തിയപ്പോൾ ഏറെയകലെ നാഗ്പൂരിൽ ഐ.ആർ.എസ് ഇൻകംടാക്സ് പരിശീലനത്തിലാണ് എച്ച്. ആദിത്യ നാരായണൻ. ബിസിനസുകാരായ എൻ. ഹരികൃഷ്ണനും സജിതയും മകനൊപ്പം കണ്ട സ്വപ്നമാണ് ഒടുവിൽ സഫലമായത്. കൊല്ലത്തെ സ്കൂൾ പഠനത്തിന് ശേഷം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ സ്ട്രീം ബി.ടെക് പഠനകാലത്താണ് ആദിത്യ ഐ.എ.എസ് സ്വപ്നം കണ്ടുതുടങ്ങിയത്. ആ ജോലിയോട് തോന്നിയൊരു ഇഷ്ടം അതായിരുന്നു തുടക്കം. പഠനശേഷം സ്വകാര്യബാങ്കിൽ എട്ട് മാസം ജോലി ചെയ്തശേഷം നേരെ സിവിൽ സർവിസ് പഠനത്തിലേക്ക് തിരിഞ്ഞു. ആദ്യം ഇന്റർവ്യൂ വരെ എത്തി. രണ്ടാംതവണ പ്രിലിംസ് തന്നെ കടക്കാനായില്ല.
നിരാശ ഏറെ വേദനിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാതെ മൂന്നാംതവണ 357ാം റാങ്ക് നേടി. ആറ് മാസം മുമ്പ് ആരംഭിച്ച പരിശീലനത്തിനിടയിൽ നാലാംതവണയും ശ്രമം തുടർന്ന് മികവുറ്റ റാങ്കിൽ എത്തുകയായിരുന്നു. വിഷയം മനസ്സിലാക്കി പഠിച്ചെടുക്കാനാകും, പരീക്ഷ നേരിടാനാകും എന്നുറപ്പിച്ച് മുന്നോട്ടുപോയാൽ ലക്ഷ്യം സാധ്യമാണെന്ന് ആദിത്യ പറയുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന 68ാം റാങ്ക് നേട്ടത്തിലൂടെ ഏറ്റവും വലിയ സ്വപ്നം കൈപ്പിടിയിൽ എത്തവെ മാതാപിതാക്കൾക്കും സഹോദരി പാർവതി നാരായണനും സുഹൃത്തുക്കൾക്കും ദൈവത്തിനുമെല്ലാം നന്ദിയും സ്നേഹവും പങ്കുവെക്കുകയാണ് ആദിത്യ നാരായൺ. കേരളത്തിലേക്ക് ഐ.എ.എസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യാൻ കഴിയണമെന്ന ആഗ്രഹമാണ് ഇനി ബാക്കി.


