കച്ചിത്തുരുമ്പിൽ വിരിയുന്ന വൈഭവം
text_fieldsകെ. സുലൈമാൻകുട്ടി അവാർഡിന് അർഹമായ ഗസ്സയുദ്ധ ചിത്രവുമായി
കൊല്ലം: കച്ചിയുടെ സ്വർണനിറം കാൻവാസിൽ ഉറപ്പിക്കുമ്പോൾ ലാഭവും നഷ്ടവും സുലൈമാൻകുട്ടി നോക്കാറില്ല. കലയോടുള്ള സ്നേഹവും കലാകാരന് സമൂഹത്തോടുള്ള സമർപ്പണവുമാണ് ഓരോ വൈക്കോൽതുറുവിനൊപ്പവും ചേർത്തുവെക്കുന്നത്. ഗസ്സയുടെ ദുഃഖം ഒരു പിതാവിന്റെ കണ്ണിലൂടെ പറയുന്ന വയ്ക്കോൽ ചിത്രമൊരുക്കിയതും കലാകാരൻ എന്ന നിലയിൽ തന്റെ മനോവേദന പകർത്തുന്നതിനായിരുന്നു. ആ ചിത്രത്തിന് 2023ലെ കേരള സംസ്ഥാന കരകൗശല പുരസ്കാരം തേടിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഈ വയ്ക്കോൽ ചിത്രകലാകാരൻ.
വൈക്കോൽ ചിത്രം എന്ന അപൂർവ കലാസൃഷ്ടിയെ നെഞ്ചോടുചേർത്ത പെരിനാട് നീരാവിൽ എന്ന ഗ്രാമത്തിലെ പഴയ തലമുറയിൽപെട്ടയാളാണ് നീരാവിൽ ചെങ്കിലാത്ത് വിളയിൽ വീട്ടിൽ കെ. സുലൈമാൻ കുട്ടി. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പത്താം ക്ലാസ് പഠനം കഴിഞ്ഞ് വൈക്കോൽ ചിത്രകലയിലേക്ക് കടന്ന അതേ ആവേശം ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. ‘ലാഭവും നഷ്ടവും നോക്കാതെ ആർട്ട് വർക്ക് പൂർത്തിയാക്കാൻ കഴിയുന്നതിലാണ് സന്തോഷം. കലാകാരനെ സംബന്ധിച്ച് മുന്നിൽ കാണുന്ന കാഴ്ചകളുടെ വികാരം ഉൾക്കൊള്ളുന്നതാകണം അയാളുടെ കലാസൃഷ്ടി. ഗസ്സയിലെ യുദ്ധം അത്രമേൽ മനസ്സിനെ ഉലക്കുന്നതാണ്.
സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തിന്റെ കെടുതികൾ മുഴുവൻ അനുഭവിക്കുന്നത്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ആ സന്ദേശമാണ് ‘ബീയിങ് എ ഫാദർ ഇൻ ഗസ്സ ഈസ് ലൈക് ദിസ്’ എന്ന് പേരിട്ട ചിത്രത്തിൽ’- സുലൈമാൻ കുട്ടി പറയുന്നു.
പ്രകൃതിദത്ത നാരുകളിൽ തീർത്ത ശിൽപങ്ങൾ എന്ന വിഭാഗത്തിലാണ് സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് സംസ്ഥാന കരകൗശല പുരസ്കാരം നൽകിയത്. ആറ് പതിറ്റാണ്ടുമുമ്പ് നീരാവിൽ മേഖലയിൽ എത്തിയതാണ് വയ്ക്കോൽ ചിത്രകല.
യുവതീയുവാക്കൾ ഒത്തുചേർന്ന് വയ്ക്കോൽ ചിത്രങ്ങൾ ഉണ്ടാക്കി പ്രദർശനങ്ങൾക്കും വിൽപനക്കുമെത്തിച്ചതോടെ കുടിൽവ്യവസായം പോലെ യൂനിറ്റുകളിലേക്ക് ഈ കല വളർന്നു. നാട്ടിലെ ഒരു യൂനിറ്റിൽ നിന്നാണ് സുലൈമാൻകുട്ടിയും ഈ കല പഠിച്ചത്. പിന്നീട് സ്വന്തമായി ഒരു യൂനിറ്റ് തുടങ്ങി ജീവിതംതന്നെ വൈക്കോൽ ചിത്രരചനക്കായി മാറ്റി. കാൻവാസിലെ ചിത്രത്തിന് മുകളിൽ വയ്ക്കോൽ വെട്ടിയൊട്ടിച്ചാണ് നിർമാണം. ബൂന്ദ് എന്ന പശയാണ് ഇതിന് ഉപയോഗിക്കുന്നത്. ദേശീയ-അന്തർദേശീയ തലത്തിൽ വരെയെത്തിയ നിരവധി കലാസൃഷ്ടികൾ ഇദ്ദേഹത്തിേന്റതായുണ്ട്.
വർഷങ്ങൾക്കിപ്പുറം ഈ കലയ്ക്ക് പ്രചാരം കുറഞ്ഞ് യൂനിറ്റുകൾ ചുരുങ്ങിയപ്പോഴും പെരിനാടിന്റെ മണ്ണിൽ സുലൈമാൻകുട്ടിയുടെ യൂനിറ്റിന് ഇടർച്ചയുണ്ടായില്ല. പ്രത്യക്ഷമായും പരോക്ഷമായും 50ഓളം പേർക്ക് ജോലി നൽകുന്നുണ്ട്. പരമ്പരാഗതമായ അറിവുകൾക്കൊപ്പം പുത്തൻപരീക്ഷണങ്ങളും ചേർത്താണ് ഇപ്പോൾ വയ്ക്കോൽ ചിത്രരചനയെ മുന്നോട്ടുനയിക്കുന്നത്. കാലങ്ങളോളം നിലനിൽക്കും എന്നതാണ് വൈക്കോൽ ചിത്രങ്ങളുടെ പ്രത്യേകത. പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും വീടുകളും ഓഫിസുകളുമൊക്കെ അലങ്കരിക്കാനുമെല്ലാം നിരവധി പേരാണ് ചിത്രങ്ങൾ തേടിയെത്തുന്നത്.
സൗദി രാജാവും സംസ്ഥാന സർക്കാറിന്റെ നവകേരള സദസ്സിനായി കൊല്ലത്തെത്തിയ മന്ത്രിസഭ അംഗങ്ങളും മുതൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വലിയ സെലിബ്രിറ്റികൾക്കുവരെ തന്റെ ചിത്രങ്ങൾ ഇദ്ദേഹം സമ്മാനിച്ചു. വയ്ക്കോൽ ചിത്രകലക്ക് കൂടുതൽ പ്രചാരം നേടിക്കൊടുക്കണം എന്ന ആഗ്രഹമാണ് ഇദ്ദേഹത്തിന്. ചിത്രരചനയിലുൾപ്പെടെ സഹായവുമായി ഭാര്യ റീനയും മക്കളായ സുമയ്യയും സുധിനയും ഒപ്പമുണ്ട്.