പിക്അപ് വാനും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
text_fieldsതേവർ തോട്ടത്തുണ്ടായ അപകടത്തിൽ തകർന്ന വാഹനങ്ങൾ
അഞ്ചൽ: പിക്അപ് വാനും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. പൊലിക്കോട് ഗിരിജവിലാസത്തിൽ അനന്തുവിനാണ് (29) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ തടിക്കാട്-പൊലിക്കോട് പാതയിൽ തേവർ തോട്ടത്താണ് അപകടം നടന്നത്. അറയ്ക്കൽ ഭാഗത്തുനിന്നും പാറപ്പൊടിയും കയറ്റിവന്ന പിക്അപ്പും തടിക്കാട് ഭാഗത്തുനിന്നും വന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞു. കാറിന്റെ മുൻഭാഗം പൂർണമായും പിക്അപ്പിന്റെ മുൻഭാഗം ഭാഗികമായും തകർന്ന നിലയിലാണ്. പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


