പൊടിയാട്ടുവിളയിൽ വീട് കുത്തിത്തുറന്ന് മോഷണം
text_fields1. മോഷണം നടന്ന വീടിന്റെ ജനാലക്കമ്പികൾ വളച്ചനിലയിൽ 2. വീട്ടിനുള്ളിൽ സാധനങ്ങൾ വലിച്ചുവാരിയിട്ടിരിക്കുന്നു
അഞ്ചൽ: ആളില്ലാത്ത വീട്ടിൽ മോഷണമെന്ന് പരാതി. വാളകം പൊടിയാട്ടുവിള റേഷൻകട മുക്കിൽ പ്ലാവറ പുന്തലവിലാസത്തിൽ ഗണേഷ് കുമാറിന്റെ വീട്ടിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പിൻഭാഗത്തെ ജനാലയുടെ കമ്പികൾ വളച്ച് അകത്ത് കടന്ന് മേശയിൽ നിന്ന് മൂവായിരത്തോളം രൂപ കവർന്നതായി വീട്ടുടമ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിലുണ്ടായിരുന്ന മാതാവിനെ വ്യാഴാഴ്ച രാത്രി ഒമ്പതോടെ തൊട്ടടുത്തുള്ള സഹോദരി കൂട്ടിക്കൊണ്ടുപോയെന്നും വെള്ളിയാഴ്ച രാവിലെ പത്തോടെ താനും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടതെന്നും ഗണേശ് കുമാർ പറഞ്ഞു. വീട്ടിനുള്ളിൽ അലമാര, മേശ എന്നിവയിലുണ്ടായിരുന്ന തുണിത്തരങ്ങളും പ്രമാണങ്ങളുൾപ്പെടെയുള്ള രേഖകളും മറ്റും വലിച്ചുവാരിയിട്ട നിലയിലായിരുന്നത്രേ. അടുക്കളയിൽനിന്ന് പലചരക്ക് സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അഞ്ചൽ പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. മുൻവർഷങ്ങളിൽ ഈ വീടിന്റെ ടെറസിൽ ഇട്ടിരുന്ന റബർ ഷീറ്റുകൾ മോഷണം പോയിരുന്നു.