അംഗൻവാടി ടീച്ചർ കുട്ടിയെ പരിക്കേൽപിച്ചതായി പരാതി
text_fieldsഅഞ്ചൽ: അക്ഷരം പഠിക്കാത്തതിന്റെ പേരിൽ അംഗൻവാടി വർക്കർ നാലരവയസ്സുകാരനെ നുള്ളി പരിക്കേൽപ്പിച്ചെന്ന് പരാതി. ഏരൂർ പാണയം 85-ാം നമ്പർ അംഗൻവാടിയിലെ വർക്കറിൽ നിന്നുമാണ് കുട്ടിക്ക് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് അംഗൻവാടിയിൽ നിന്നും തിരിച്ചെത്തിയ കുട്ടിയെ മാതാവ് കുളിപ്പിക്കുമ്പോൾ കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് മാതാവിനോട് വിവരങ്ങൾ പറഞ്ഞതും പരിക്കേറ്റ ഭാഗം കാട്ടിക്കൊടുക്കുകയും ചെയ്തത്.
കുട്ടിയുടെ ഇരുതുടകളിലും ടീച്ചർ നുള്ളിയതിന്റെ കരുവാളിച്ച പാടുകൾ കണ്ട മാതാവ് അംഗൻവാടി വർക്കറോടു വിവരം അന്വേഷിച്ചെങ്കിലും പ്രതികരിച്ചില്ല. മുമ്പും സമാന രീതിയിൽ കുഞ്ഞിനെ ഇവർ ഉപദ്രവിച്ചിട്ടുണ്ടെന്നും രക്ഷിതാക്കൾ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച അംഗൻവാടിയിൽ വെച്ച് ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ യോഗം കൂടി പ്രശ്നം ചർച്ചചെയ്യുകയും വർക്കറോട് വിശദീകരണം ചോദിക്കാൻ തീരുമാനിക്കുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും ചെയ്തുവെന്ന് ഗ്രാമ പഞ്ചായത്തംഗവും വൈസ് പ്രസിഡൻറുമായ വി. രാജി പറഞ്ഞു.
എന്നാൽ, അംഗൻവാടികളിൽ കുട്ടികളെ നിർബന്ധിച്ച് അക്ഷരം പഠിപ്പിക്കണമെന്ന നിർദേശം തങ്ങൾ നൽകിയിട്ടില്ലെന്നും സംഭവത്തിൽ വർക്കറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തുടർ നടപടികളെടുക്കുമെന്നും ഐ.സി.ഡി.എസ് സൂപ്പർ വൈസർ അറിയിച്ചു.