വഴി ചോദിച്ചെത്തിയവർ വീട്ടമ്മയുടെ മാല കവർന്നതായി പരാതി
text_fieldsമാലമോഷണവിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നു
അഞ്ചൽ: വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രികർ വീട്ടമ്മയുടെ മാല പൊട്ടിച്ചുകടന്നതായി പരാതി. ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ജവഹർ സ്കൂളിന് സമീപത്തുകൂടിയുള്ള വഴിയേ നടന്നുപോയ ഗിരിജ എന്ന വീട്ടമ്മയുടെ രണ്ടരപവൻ താലിമാലയാണ് നഷ്ടപ്പെട്ടത്.
ഗിരിജയുടെ അടുത്തെത്തിയ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ അസുരമംഗലത്തേക്കുള്ള വഴി ചോദിക്കുകയായിരുന്നു. മറുപടി പറയുന്നതിനിടെ യുവാക്കളിലൊരാൾ ഗിരിജയുടെ പിന്നിലെത്തി മാലപൊട്ടിച്ചെടുത്ത് ബൈക്കിൽ കയറി അതിവേഗം പാഞ്ഞുപോയതായാണ് പരാതി. അഞ്ചൽ പൊലീസ് സ്ഥലത്തെ നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് അന്വഷണം ആരംഭിച്ചു.