ഏഴ് ലക്ഷത്തിന്റെ തിരിമറി; ബാങ്ക് കരാർ ജീവനക്കാരൻ അറസ്റ്റിൽ; ക്രമക്കേട് കണ്ടെത്തിയത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏരൂർ ശാഖയിൽ
text_fieldsലിബിൻ ടൈറ്റസ്
അഞ്ചൽ: കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിൽ കൃത്രിമം നടത്തി ഏഴ് ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയിന്മേൽ ബാങ്കിലെ കരാർ ജീവനക്കാരനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കരവാളൂർ സ്വദേശി ലിബിൻ ടൈറ്റസ് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1,11,250 രൂപ പിടിച്ചെടുത്തു. ഇയാളെ കൂടാതെ ബാങ്കിലെ മറ്റ് രണ്ട് ജീവനക്കാരായ ഏരൂർ സ്വദേശികളായ രാജേഷ്, സുമേഷ് എന്നിവർക്കെതിരേ ബാങ്ക് മാനേജർ സുധീഷ് സുരേന്ദ്രൻ ഏരൂർ പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏരൂർ ശാഖയിലാണ് ക്രമക്കേട് നടന്നത്. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘മിറർ പ്ലസ്’ൽ കയറി കസ്റ്റമറുടെ ഫോൺ നമ്പരിൽ മാറ്റം വരുത്തി ഒരു കസ്റ്റമറുടെ അകൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്ന 7, 21,000 രൂപ രണ്ടാം പ്രതിയായ രാജേഷിൻന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും മൂന്നാം പ്രതിയായ സുമേഷിന്റെ ഇസാഫ് ബാങ്ക് അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്യുകയും തുടർന്ന് ഈ തുക ഇരുവരും ലിബിൻ ടൈറ്റസിന്റെ പിറവന്തൂർ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് തിരിച്ച് ഇടുകയും ചെയ്തുവെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സ്ഥിരനിക്ഷേപകനായ ഒരു കസ്റ്റമർ തന്റെ പണം പിൻവലിക്കാനെത്തിയപ്പോളാണ് കസ്റ്റമറുടെ അക്കൗണ്ടിൽ പണമില്ലെന്ന് മനസ്സിലായത്. തുടർന്നാണ് ബാങ്ക് അധികൃതർ അന്വഷണമാരംഭിച്ചത്. വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും അന്വേഷണം നടന്നുവരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.