ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സുവിശേഷക അറസ്റ്റിൽ
text_fieldsജോളി വർഗീസ്
അഞ്ചൽ: ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച സംഭവത്തിൽ സുവിശേഷപ്രവർത്തക അറസ്റ്റിൽ. കോട്ടയം പാമ്പാടി പുത്തൻപറമ്പിൽ ഹൗസിൽ ജോളി വർഗീസിനെ (62)യാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണൂർ സ്വദേശികളായ മൂന്നുപേരിൽ നിന്ന് 28 ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിൽ അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്. കേസിൽ സുവിശേഷപ്രവർത്തകൻ പായിപ്പാട് സ്വദേശി തോമസ് രാജനെ ഒരുമാസം മുമ്പ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2022ൽ മണ്ണൂരിൽ സുവിശേഷപ്രവർത്തകയായി പ്രവർത്തിക്കവേയാണ് ജോളി വർഗീസ് ഇംഗ്ലണ്ടിൽ നഴ്സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽനിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പുകേസുകളിൽ പ്രതിയാണ് ജോളി വർഗീസ്. കോതമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. കേസിൽ രണ്ട് പ്രതികളെക്കൂടി പിടികൂടാനുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.