മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ്;
text_fieldsഅഹമ്മദ് അബ്സക്
അഞ്ചൽ: മർച്ചൻറ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബദിയടുക്ക ജീലാനി മൻസിലിൽ അഹമ്മദ് അബ്സക് (29) ആണ് അറസ്റ്റിലായത്.
അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി ആരോമൽ സതീശൻ അഞ്ചൽ പൊലീസിൽ നൽകിയ പരായിലാണ് അറസ്റ്റ്. മർച്ചൻറ് നേവിയിൽ ജോലി വാങ്ങി നൽകാമെന്നും ഇതിൻറെ പ്രോസസിങ് ചാർജ്, വിസാ ഫീസ്, സർവീസ് ചാർജ് എന്നിവക്കായി മൂന്നര ലക്ഷത്തോളം രൂപ ചെലവുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 മുതൽ പലതവണയായി മൂന്നര ലക്ഷത്തോളം രൂപ കൈവശപ്പെടുത്തിയെന്നാണ് പരാതി.
പറഞ്ഞ കാലാവധിക്കുള്ളിൽ ഓഫർ ലെറ്റർ ലഭിക്കാത്തതിനാൽ സംശയം തോന്നിയതിനെത്തുടർന്നാണ് ആരോമൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മുംബൈയിലാണെന്നും സമാനമായ നിരവധി കേസുകൾ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിലവിലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദീപാവലി അവധിക്ക് ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എസ്.എച്ച്.ഒ ഹരീഷ് കുമാർ, എസ്.ഐ പ്രജീഷ് കുമാർ, എ.എസ്.ഐ വിനോദ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘം കാസർകോട്ടെത്തി ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


