മിൽമ കാലിത്തീറ്റ ലഭിക്കുന്നില്ല; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
text_fieldsഅഞ്ചൽ: ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭിച്ചുകൊണ്ടിരുന്ന മിൽമ കാലിത്തീറ്റ രണ്ടുമാസത്തിലേറെയായി ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതി. സ്ഥിരമായി പശുക്കൾക്ക് മിൽമ കാലിത്തീറ്റ മാത്രം നൽകിയിരുന്ന കർഷകരാണ് ദുരിതത്തിലായത്. മറ്റ് സ്വകാര്യ കമ്പനികളുടെടെ കാലിത്തീറ്റ വാങ്ങി നൽകാൻ കർഷകർ നിർബന്ധിതമായിരിക്കുകയാണ്.
തീറ്റ മാറ്റിനൽകുമ്പോൾ പശുക്കൾ കഴിക്കാതെ പാലുൽപാദനം ഗണ്യമായി കുറയുകയും മെലിയുകയുമാണെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റയുടെ കാര്യത്തിൽ വ്യക്തമായ മറുപടി കമ്പനി അധികൃതരിൽ നിന്ന് ലഭിക്കുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കർഷകർ സംഘങ്ങളിൽനിന്നാണ് കാലിത്തീറ്റ വാങ്ങുന്നത്. വില മാസാവസാനം പാൽവിലയിൽ കുറവുചെയ്തുനൽകുകയാണ് പതിവ്. ഈ രീതി കർഷകർക്ക് ഏറെ ഗുണകരമായിരുന്നു.
മാത്രമല്ല സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയെക്കാൾ ഗുണമേന്മയും വിലക്കുറവും മിൽമയുടെ കാലിത്തീറ്റക്കുണ്ട്. സ്വകാര്യ കാലിത്തീറ്റ കമ്പനിയുടെ ഉദ്യോഗസ്ഥരും ഏജൻറുമാരും ക്ഷീരസംഘങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും കൂടുതൽ ഓർഡറിന് വേണ്ടി ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, മിൽമയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങളൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്. കാലിത്തീറ്റ വിതരണത്തിലെ കാലതാമസം സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്. പാലുൽപാദനം കുറയുന്നതുമൂലം സ്വകാര്യ ക്ഷീരകമ്പനികളുടെ കടന്നുകയറ്റം മിൽമയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.