കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ തടഞ്ഞ് വകുപ്പ് മന്ത്രി; ജീവനക്കാർക്ക് ശകാരം
text_fieldsആയൂരിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ജീവനക്കാരുമായി സംസാരിക്കുന്നു
അഞ്ചൽ: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഒഴിഞ്ഞ കുടിവെള്ളക്കുപ്പികൾ കണ്ടതിനെത്തുടർന്ന് വകുപ്പ് മന്ത്രി ബസ് വഴിയിൽ തടഞ്ഞിട്ട് ജീവനക്കാരെ ശകാരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക്ഒരുമണിയോടെ എം.സി റോഡിൽ ആയൂരിലാണ് സംഭവം. കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോയ പൊൻകുന്നം ഗാരേജിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് തടഞ്ഞത്.
ബസ് ജീവനക്കാർ ഡ്യൂട്ടിക്കിടെ വെള്ളംകുടിച്ച ശേഷം ഉപേക്ഷിച്ച ഏതാനും പ്ലാസ്റ്റിക് കാലിക്കുപ്പികൾ ഡ്രൈവറുടെ കാബിന് മുൻവശത്ത് കിടന്നിരുന്നു. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് ഇത് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ആയൂരിൽവെച്ച് മന്ത്രി ബസ് തടഞ്ഞ് കുപ്പികൾ എടുത്ത് മാറ്റാതിരുന്നത് എന്താണെന്ന് ചോദിച്ച് ജീവനക്കാരോട് കയർക്കുകയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തത്.
ഇതിനുപിന്നാലെ, മന്ത്രിയുടെ പ്രവൃത്തിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതികൂല പ്രതികരണങ്ങളാണ് വരുന്നത്. കെ.എസ്.ആർ.ടി.സി വെൽഫെയർ അസോസിയേഷൻ രൂക്ഷമായ ഭാഷയിലാണ് മന്ത്രിക്കെതിരെ പ്രതികരിച്ചത്. മന്ത്രിക്കെതിരെയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ വൻ രീതിയിൽ പ്രചരിക്കുന്നുണ്ട്.


