ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളില്ല; ഏരൂർ ഗ്രാമപഞ്ചായത്തിൽ ആംബുലൻസുകൾ ‘ബാധ്യത’യാകുന്നു
text_fieldsഏരൂർ പകൽവീടിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴയ
ആംബുലൻസ്
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ ആംബുലൻസും ഓട്ടം നിർത്തി. പി.എസ്. സുപാൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ആംബുലൻസുകളാണ് പഞ്ചായത്തിന് തീരാബാധ്യതയാകുന്നത്.
ആംബുലൻസുകളിലൊന്ന് ഓടാനാവാതെ 2020 മുതൽ ഏരൂർ പൊലീസ് സ്റ്റേഷന് സമീപത്തെ പകൽവീടിനോട് ചേർന്നുള്ള പോർച്ചിലാണ്. ഓട്ടത്തിനിടെ കേടായി വഴിയിൽ കിടന്നതിനെത്തുടർന്ന് ഒന്നര ലക്ഷത്തോളം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഇത് ഷെഡിൽ കയറ്റിയത്.
2022-23 സാമ്പത്തികവർഷത്തിൽ 25,59,825 രൂപ ഉപയോഗിച്ച് വാങ്ങിയ മറ്റൊരു സി ലെവൽ ആംബുലൻസ് ഏരൂർ ഗ്രാമപഞ്ചായത്ത് പടിക്കൽ ‘വിശ്രമ’ത്തിലാണ്. മാർച്ച് 16 മുതൽ ഇത് സർവിസ് നടത്തുന്നില്ല. അടിയന്തര സാഹചര്യത്തിൽ ഡ്രൈവറെ വിളിച്ചാൽ ഫോൺ പ്രവർത്തനരഹിതമാണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചാൽ ബന്ധപ്പെട്ട വാർഡ് മെംബറെ വിളിക്കാനും വാർഡ് മെംബറെ വിളിക്കുമ്പോൾ ആംബുലൻസ് പ്രവർത്തനക്ഷമമല്ല എന്ന മറുപടിയുമാണ് ലഭിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആംബുലൻസിന്റെ നടത്തിപ്പ് പഞ്ചായത്തിന് അധിക ബാധ്യതയായതുകൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കൈമാറിയെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്.എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെട്ടപ്പോൾ വാഹനത്തിന്റെ ഉടമസ്ഥാവകാശം ജില്ല മെഡിക്കൽ ഓഫിസറുടെ പേരിലേക്ക് മാറ്റി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാലേ വാഹനം ഏറ്റെടുക്കൂവെന്ന് മെഡിക്കൽ ഓഫിസർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതായാണ് വിവരം.
ഏരൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഒതുക്കിയിട്ടിരിക്കുന്ന പുതിയ ആംബുലൻസ്
നിലവിൽ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്കായി ഭാരതിപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിന് മറ്റൊരു ആംബുലൻസ് ഉണ്ട്. ഈ വാഹനം കൂടി ഏറ്റെടുക്കുന്നതോടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് അധിക ബാധ്യതയാകും. കഴിഞ്ഞ ഏഴുമാസമായി ആംബുലൻസിന്റെ ഡ്രൈവർക്ക് ശമ്പളം ലഭിക്കുന്നില്ലത്രെ. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ കണക്കുകൾ പ്രകാരമുള്ള ചെലവുതുക ഗ്രാമപഞ്ചായത്തും മെഡിക്കൽ ഓഫിസറും സ്വീകരിക്കാറില്ലെന്നും പറയപ്പെടുന്നു. പെട്രോൾ പമ്പിൽനിന്ന് ഇന്ധനം ലഭിക്കാറില്ലെന്നും വാഹനത്തിന്റെ നാളിതുവരെയുള്ള കണക്കുകൾ പോലും ലഭ്യമല്ലെന്നുമാണറിവ്. ഇക്കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ബജറ്റിൽ പോലും വാഹനത്തിന്റെ വരവുചെലവ് കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഫലത്തിൽ ഉപയോഗമില്ലാതെ ആംബുലൻസ് ആക്രിക്കടയിലേക്ക് പോകുമോ എന്നാണ് ജനം ഭയപ്പെടുന്നത്.