ഓയിൽപാം കമ്പനി; പഞ്ചിങ് മെഷീനിൽ കൃത്രിമമെന്ന് ആരോപണം; ജീവനക്കാരന് സസ്പെൻഷൻ
text_fieldsഅഞ്ചൽ: ഓയിൽപാം ഇന്ത്യ (ലിമിറ്റഡ്) ഭാരതീപുരം ഹെഡ് ഓഫിസിലെ ബയോമെട്രിക് പഞ്ചിങ് മെഷീനിൽ കൃത്രിമം കാട്ടി ഡ്യൂട്ടി സമയത്ത് മുങ്ങി നടന്നതായ ആരോപണത്തെത്തുടർന്ന് ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഫാക്ടറിയിലെ സിവിൽ കൺസ്ട്രക്ഷൻ ഡിപ്പാർട്മെന്റ് മാനേജർ പി. ജയചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്.
ഓഫിസിൽ സ്ഥിരമായി താമസിച്ച് എത്തുകയും ഓഫിസ് സമയം തീരുന്നതിന് മുന്നേ പോകുകയും ചെയ്യുന്നതായി ഫാക്ടറി സീനിയർ മാനേജർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജയചന്ദ്രൻ കുറേനാളായി നിരീക്ഷണത്തിലായിരുന്നു. തുടർന്ന് അന്വേഷണഭാഗമായി ബയോമെട്രിക് പഞ്ചിങ് മെഷീനിൽ നടത്തിയ ശാസ്ത്രീയപരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. മെയിൻ ഗേറ്റിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറകളും തകരാറിലാണെന്ന് കണ്ടെത്തി.
ഒന്നിൽ കൂടുതൽ വിരലുകൾ ബയോമെട്രിക് പഞ്ചിങ് മെഷീനിൽ ഉൾപ്പെടുത്താം എന്ന പഴുത് ഉപയോഗിച്ച് ഓഫിസിലെ താൽക്കാലിക ലൈൻ ഹെൽപർ ജീവനക്കാരൻ ജയചന്ദ്രന് പകരം പഞ്ച്ചെയ്തതായും പറയപ്പെടുന്നു. പഞ്ചിങ് മെഷീൻ വിദഗ്ധപരിശോധനക്കായി മാറ്റിയിരിക്കുകയാണെന്നും മാനേജിങ് ഡയറക്ടർ ജോൺ സെബാസ്റ്റൻ അറിയിച്ചു.
എന്നാൽ, താൻ പഞ്ചിങ് മെഷീനിൽ കൃത്രിമം കാട്ടിയിട്ടില്ലെന്നും സാങ്കേതിക തകരാറാണെന്നും ഫാക്ടറി മേലുദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകൾ താൻ കണ്ടുപിടിച്ചതിലുള്ള പ്രതികാരമായാണ് നടപടിയെന്നും ആരോപണവിധേയൻ പറഞ്ഞു. ഫാക്ടറിയിൽനിന്ന് അനധികൃതമായി പുറത്ത് എണ്ണ കൊടുക്കുന്നത് കണ്ടെത്തി ഇതിന് തടയിടുന്നതിന് ടെൻഡർ നടപടി ഏർപ്പെടുത്തി.
കൂടാതെ മാനേജർ തസ്തികയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ കയറിപ്പറ്റിയവരെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നതോടെ മാനേജ്മെന്റ് തന്നെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലേക്ക് മാറ്റി. ഫാക്ടറി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നടത്തിയ കുട്ടനാട് റൈസ് അരി വിതരണത്തിലെ പിടിപ്പുകേട് മൂലം 2000 കിലോ അരി നശിച്ചു. എം.ഡിക്ക് മതിയായ യോഗ്യതകളിെല്ലന്നും കഴിഞ്ഞതവണ ഇരുന്നൂറോളം പേരെ ജോലിക്കെടുത്തതിൽ വൻ അഴിമതി നടന്നതായും ആളൊന്നിന് വാങ്ങിയ ഒന്നു മുതൽ മൂന്നുലക്ഷം വരെ കോഴത്തുക മാനേജ്മെന്റ് വീതംവെച്ചത് പുറത്തുകൊണ്ടുവന്നതിലുള്ള പ്രതികാരമാണ് സസ്പെൻഷന് പിന്നിലെന്നും നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ജയചന്ദ്രൻ പറഞ്ഞു.