വിദേശജോലിയുടെ പേരിൽ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
text_fieldsബേബി വർക്കി
അഞ്ചൽ: ബ്രിട്ടണിൽ നഴ്സിങ് ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് മണ്ണൂർ സ്വദേശികളായ മൂന്ന് പേരിൽ നിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞ രാളെക്കൂടി അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു.
കോതമംഗലം തങ്കളം കളപ്പുരക്കുടിയിൽ ബേബി വർക്കി (63) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. കേസിലെ മറ്റ് രണ്ട് പ്രതികളായ ചങ്ങനാശ്ശേരി സ്വദേശി പാസ്റ്റർ തോമസ് രാജൻ, സുവിശേഷക പത്തനംതിട്ട സ്വദേശി ജോളി വർഗീസ് എന്നിവർ നേരത്തേ അറസ്റ്റിലായി. പ്രധാന പ്രതി കോതമംഗലം സ്വദേശി ഹെൻട്രി ഒളിവിലാണ്.
2022ൽ ആണ് മണ്ണൂർ സ്വദേശികളിൽ നിന്ന് ഇവർ പണം തട്ടിയെടുത്തത്. കോതമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രേസ് ഇന്റർനാഷനൽ റിക്രൂട്ട്മെന്റ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പണാപഹരണം നടത്തിയത്. മണ്ണൂരിൽ സുവിശേഷ പ്രവർത്തനത്തിന് എത്തിയാണ് പ്രതികൾ നാട്ടുകാരുമായി അടുപ്പമുണ്ടാക്കിയത്. ഈ അടുപ്പം മുതലെടുത്താണ് പണത്തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.