സ്ത്രീയുടെ മരണം കൊലയെന്ന് ബന്ധുക്കൾ: ഒപ്പം താമസിച്ചുവന്നയാളെ സംശയം
text_fieldsമരിച്ച സബീന
അഞ്ചൽ: ആസിഡ് ഉള്ളിൽചെന്ന് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഒപ്പം താമസിച്ചുവന്നയാൾ സ്വത്ത് കൈക്കലാക്കാൻ കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു.
ഇടമുളയ്ക്കൽ ഭാഗ്യക്കുന്ന് ഹസീന മൻസിലിൽ സബീനയാണ് (42) മരിച്ചത്. മാതാപിതാക്കളായ ഭാരതീപുരം ചാലുവിളവീട്ടിൽ കാസിം, ലത്തീഫാബീവി, മകൻ അജ്മൽ ഷാ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 12നാണ് സബീന മരിച്ചത്. ഭർത്താവിന്റെ മരണത്തുടർന്ന് ഭർത്താവിന്റെ ജ്യേഷ്ഠൻ സുധീറി(50)നൊപ്പമാണ് സബീന ഭാഗ്യക്കുന്നിലെ സ്വന്തം വീട്ടിൽ താമസിച്ചുവന്നത്.
ഇവരുടെ പേരിലുള്ള വീടും പുരയിടവും മറ്റും സുധീറിന്റെ പേരിൽ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തിരുന്നതായി സബീന ഗൾഫിലുള്ള മകൻ അജ്മൽ ഷായെ അറിയിക്കാറുണ്ടായിരുന്നു. സുധീറിന്റെ പിതാവും ഇത് ശരിവെക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. സംഭവദിവസം സുധീറും സബീനയും തമ്മിൽ വീട്ടിനുള്ളിൽ വഴക്കും ബഹളവുമുണ്ടായി.
തുടർന്ന് ബന്ധുവും അയൽവാസിയുമായ ഷംന ഷംസുദ്ദീൻ വീട്ടിനുള്ളിലെത്തിയപ്പോൾ സബീന തറയിൽ കിടന്ന് ഉരുളുന്നതായും മൂക്ക്, വായ് എന്നിവിടങ്ങളിൽനിന്ന് രക്തം വാർന്നതായും കണ്ടു. ഈ സമയം മുറിക്കുള്ളിൽ ഉണ്ടായിരുന്ന സുധീർ സബീനയെ ആശുപത്രിയിലെത്തിക്കുന്നതിന് താൽപര്യം കാണിച്ചില്ല.
തുടർന്ന് മുറിക്കുള്ളിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി എടുത്തുമാറ്റുകയും ആസിഡ് നിറഞ്ഞ കന്നാസ് പുറത്തേക്ക് കൊണ്ടുവന്ന് മറ്റുള്ളവരെ കാട്ടി സബീന ആസിഡ് കുടിച്ചെന്ന് പറയുകയും തറയിൽ കിടന്നുരുളുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു. ഷംനയുടെ നേതൃത്വത്തിലാണ് പിന്നീട് സബീനയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെയെത്തിയ ശേഷം ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മാതാവ് ആത്മഹത്യ ചെയ്തതല്ലെന്നും സുധീർ മദ്യത്തിൽ ആസിഡ് കലർത്തി കുടിപ്പിച്ചതാണെന്നുമാണ് മകൻ അജ്മൽ ഷായും സബീനയുടെ മാതാപിതാക്കളും സുധീറിന്റെ പിതാവും ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉയർന്ന പൊലീസ് അധികൃതരെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.